താരിഫ് യുദ്ധം മുറുകുന്നതിനിടെ, കാനഡയുമായുള്ള യുഎസിന്റെ അതിർത്തി പുനഃപരിശോധിക്കണമെന്ന പുതിയ ആവശ്യം പ്രസിഡന്റ് ട്രംപ് ഉന്നയിച്ചു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി സംസാരിക്കുമ്പോൾ, നിലവിലുള്ള അതിർത്തി നിർണയം ശരിയാണെന്നു താൻ കരുതുന്നില്ലെന്നു ട്രംപ് പറഞ്ഞു.
അതിനു കാരണമൊന്നും പക്ഷെ അദ്ദേഹം വിശദീകരിച്ചില്ലെന്നു റിപ്പോർട്ടിൽ പറയുന്നു.
വെള്ളം പങ്കിടാനുള്ള രണ്ടു രാജ്യങ്ങളുടെയും കരാറും ശരിയല്ലെന്നു ട്രംപ് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. കാനഡയെ യുഎസ് സംസ്ഥാനമാക്കാൻ ആഗ്രഹിക്കുന്ന ട്രംപ് അവരുടെ മേൽ കൂടുതൽ കൂടുതൽ സമ്മർദം ചെലുത്താൻ ശ്രമിക്കുന്നു എന്നത് വ്യക്തമാണ്. ശനിയാഴ്ച്ച കാനഡയിൽ വനിതാ ദിന റാലികൾ മൊത്തത്തിൽ ട്രംപ് വിരുദ്ധ പ്രകടനങ്ങളായതു അതു കൊണ്ടാണ്.
ഫെന്റണിൽ മരണങ്ങൾ മൂലമാണ് കാനഡയുടെ മേൽ തീരുവ കൊണ്ടുവരുന്നതെന്ന ട്രംപിന്റെ വ്യാജം തികച്ചും വ്യാജമാണെന്നു ട്രൂഡോ ഓട്ടവയിൽ മാധ്യമങ്ങളോട് തുറന്നു പറഞ്ഞു. "അത് തികച്ചും അന്യായവും പൂർണമായും വ്യാജവുമാണ്. കാനഡയുടെ സമ്പദ് വ്യവസ്ഥ പാടേ തകർന്നു കാണാൻ അദ്ദേഹം ആഗ്രഹിക്കുന്നു. അപ്പോൾ യുഎസിനോട് ചേർക്കാൻ എളുപ്പമാവും എന്നദ്ദേഹം കരുതുന്നു."
ട്രംപ് പരാമർശിച്ച അതിർത്തി കരാർ 1908ൽ കാനഡ ബ്രിട്ടന്റെ കീഴിൽ ആയിരിക്കെ ഉണ്ടാക്കിയതാണ്. നദികളിലെയും തടാകങ്ങളിലെയും വെള്ളം പങ്കിടാൻ ഒന്നിലേറെ കരാറുകളുണ്ട്. അവയും പുതുക്കണം എന്നാണ് ട്രംപിന്റെ ആവശ്യം.
കാനഡയ്‌ക്കെതിരെ സാമ്പത്തിക കരുത്തു ഉപയോഗിക്കുമെന്നു ജനുവരി 7നു ട്രംപ് പറഞ്ഞിരുന്നു. കാനഡയെ 51ആം സ്റ്റേറ്റ് എന്നും ട്രൂഡോയെ അതിന്റെ ഗവർണർ എന്നും ട്രംപ് വിശേഷിപ്പിക്കുന്നത് കാനഡയിൽ രോഷം ഉയർത്തിയിട്ടുണ്ട്.
യുഎസ്-കാനഡ കരാറുകൾ കൊട്ടയിൽ കളയാൻ ബുദ്ധിമുട്ടൊന്നും ഇല്ലെന്നു യുഎസ് കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക് പറഞ്ഞതും രോഷം വിളിച്ചു വരുത്തി.അഞ്ചു പാശ്ചാത്യ രാജ്യങ്ങൾ അതിരഹസ്യമായ വിവരങ്ങൾ പങ്കിടുന്ന ഫൈവ് ഐസ് എന്ന ഗ്രൂപ്പിൽ നിന്നു കാനഡയെ നീക്കം ചെയ്യാനും ട്രംപ് ആഗ്രഹിക്കുന്നു.
ബ്രിട്ടൻ, ഓസ്‌ട്രേലിയ, ന്യൂ സിലൻഡ് എന്നിവയാണ് മറ്റു രാജ്യങ്ങൾ.കാനഡയുമായുള്ള സൈനിക കരാറുകളും കീറിക്കളയാൻ ട്രംപിനു താല്പര്യമുണ്ട് എന്നാണ് റിപ്പോർട്ട്. ആ റിപ്പോർട്ട് ശരിയല്ലെന്നു പക്ഷെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പറഞ്ഞിരുന്നു.