ന്യൂ യോർക്ക് നഗരത്തിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ ഡൊണാൾഡ് ട്രംപ് ഞായറാഴ്ച രാത്രി 20,000 വരുന്ന ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തത് ആവേശഭരിതനായാണ്. ഡെമോക്രറ്റിക് കോട്ട പിടിക്കാൻ തനിക്കു കഴിയുമെന്ന പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം വേദിയിൽ നൃത്തം വയ്ക്കുകയും ചെയ്തു.
റോബർട്ട് കെന്നഡി ജൂനിയർ, തുൾസി ഗബ്ബാർഡ്, ടക്കർ കാൾസൺ, ഹൾക്ക് ഹോഗൻ തുടങ്ങിയവർ ട്രംപിനോടൊപ്പം വേദി പങ്കിട്ടു. ശതകോടീശ്വരൻ എലോൺ മസ്‌ക് ആണ് അപൂർവമായി മാത്രം ട്രംപിന്റെ റാലിക്കെത്തുന്ന മെലാനിയാ ട്രംപിനെ പരിചയപ്പെടുത്തിയത്.
ട്രംപ് പറഞ്ഞു: "ന്യൂ യോർക്ക് അമേരിക്കൻ ജനതയുടെ ഊർജവും മികവും ഉൾക്കൊള്ളുന്ന ഇടമാണ്. പതിറ്റാണ്ടുകൾക്കു ശേഷം ന്യൂ യോർക്ക് തിരിച്ചു പിടിക്കാൻ കഴിഞ്ഞാൽ അത് വലിയൊരു ബഹുമതിയാവും."
മിഷിഗണിൽ കഴിഞ്ഞ ദിവസം തനിക്കു മുസ്ലിങ്ങളുടെ വലിയ പിന്തുണ ലഭിച്ചെന്നു ട്രംപ് ചൂണ്ടിക്കാട്ടി. തനിക്കു
59% മുസ്ലിം പിന്തുണയും കമലാ ഹാരിസിനു 8% പിന്തുണയുമാണ് ഇപ്പോൾ മുസ്ലിങ്ങ ൾക്കിടയിൽ ഉള്ളതെന്ന് അദ്ദേഹം അവകാശപ്പെട്ടു. "അവർക്കു ആകെ വേണ്ടത് സമാധാനമാണ്. അവർ റിപ്പബ്ലിക്കൻ പാർട്ടിയിൽ യഹൂദരോടും ക്രിസ്ത്യാനികളോടും ഒപ്പം നിൽക്കും."
ന്യൂ യോര്കിൽ റാലി സാധ്യമാക്കാൻ മേയർ എറിക് ആഡംസ് സഹായിച്ചെന്ന് അദ്ദേഹം പറഞ്ഞു. ആഡംസിനെ ബൈഡൻ ഭരണകൂടം വേട്ടയാടുകയാണെന്നു അദ്ദേഹം ആരോപിച്ചു.
അതിനു കാരണം ബൈഡന്റെ കുടിയേറ്റ നയങ്ങളെ ആഡംസ് വിമർശിച്ചതാണ്.കമലാ ഹാരിസിനെതിരെ രൂക്ഷമായ ആക്രമമാണ് ട്രംപ് അഴിച്ചു വിട്ടത്. "കമലയ്ക്കു രണ്ടു വാചകം പറയാൻ അറിയില്ല." അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്ന ആഹ്വാനം ആവർത്തിച്ചാണ് ട്രംപ് പ്രസംഗം അവസാനിപ്പിച്ചത്.
പിന്നീട് അദ്ദേഹം വേദിയിൽ നൃത്തം ചെയ്തു.ട്രംപ് എത്തുന്നതിനു മുൻപ് സംസാരിച്ച കൊമേഡിയൻ ടോണി ഹിൻച്ക്ലിഫ് പോർട്ടോ റിക്കയെ 'ചവറു നിറഞ്ഞു കിടക്കുന്ന ദ്വീപ്' എന്നു വിശ്വസിപ്പിച്ചത് വിവാദമായി. ഹാരിസ് കാമ്പയ്ൻ അതിനെ രൂക്ഷമായി വിമർശിച്ചു.