/sathyam/media/media_files/2025/04/07/ZLrFShOqjVt5S9D18y5O.jpg)
മദ്യം കഴിക്കാത്ത പ്രസിഡന്റ് ഡോണാൾഡ് ട്രംപിനു മദ്യപാനിയുടെ വ്യക്തിത്വം ഉണ്ടെന്ന വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിന്റെ അഭിപ്രായത്തോടു യോജിച്ചു ട്രംപ്.
എന്തും ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസം ട്രംപിനുണ്ട് എന്നാണ് വൈൽസ് 'വാനിറ്റി ഫെയർ' മാസികയുമായുള്ള അഭിമുഖത്തിൽ അർഥമാക്കിയത്. മദ്യത്തിന് അടിമയായിരുന്ന പിതാവിന്റെ പ്രത്യേകതകൾ ശ്രദ്ധിച്ചിട്ടുള്ള അവർ ട്രംപിനെ കുറിച്ചുള്ള ആ വിലയിരുത്തൽ വിശദീകരിച്ചു: "ചെയ്യാൻ കഴിയാത്തതൊന്നും ഇല്ലെന്നു അദ്ദേഹം വിശ്വസിക്കുന്നു. എന്തും ചെയ്യാൻ ട്രംപിനു കഴിവുണ്ട്. എന്തും."
ട്രംപ് പ്രതികരിച്ചു: "എന്നെ കുറിച്ചു ഞാൻ അക്കാര്യം പലപ്പോഴും പറഞ്ഞിട്ടുണ്ട്. മദ്യപിക്കില്ല എന്നത് എന്റെ ഭാഗ്യമാണ്. അങ്ങിനെ ആയിരുന്നെങ്കിൽ ഞാൻ അതിനു അടിമയായി പോയേനെ.'
മദ്യപിക്കുമ്പോൾ വ്യക്തിത്വം വികസിക്കുന്നു എന്നാണ് വൈൽസ് ഉദ്ദേശിച്ചതെങ്കിൽ ആൽക്കഹോലിക് പേഴ്സണാലിറ്റി എന്നൊന്നു ഇല്ലെന്നു മനഃശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. മദ്യം സൃഷ്ടിക്കാവുന്നത് മാനസിക വൈകല്യങ്ങളാണ്.
വൈൽസിൽ ട്രംപ് വിശ്വാസം പ്രകടിപ്പിച്ചു എന്ന വ്യാഖ്യാനം ഉണ്ടായിട്ടുണ്ട്. ആദ്യ ഭരണത്തിൽ നാലു തവണ ചീഫ് ഓഫ് സ്റ്റാഫിനെ മാറ്റിയ ചരിത്രം ട്രംപിനുണ്ട്.
വൈറ്റ് ഹൗസിനെ കുറിച്ച് മാസികയിൽ വന്ന പല കാര്യങ്ങളും വാസ്തവ വിരുദ്ധമാണെന്ന് വൈൽസ് പറഞ്ഞു. "അമിതമായ അരാജകത്വമാണ് അതിൽ കണ്ടത്. വളരെയധികം നെഗറ്റീവ്. പ്രസിഡന്റിനെ കുറിച്ചു തന്നെ ഞാൻ പറഞ്ഞ പല കാര്യങ്ങളും അവർ ഒഴിവാക്കി."
വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഗൂഢാലോചനാ സിദ്ധാന്തങ്ങൾ കൊണ്ടുനടക്കുന്ന ആളാണെന്നു വൈൽസ് പറഞ്ഞു. വാൻസ് അത് ചിരിച്ചു തള്ളി: "സൂസിയും ഞാനും അതേപ്പറ്റി ദീർഘകാലമായി ചർച്ച ചെയ്തു വരുന്നു."
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റിനെ കുറിച്ചുള്ള ഫയലുകൾ പുറത്തു വിടേണ്ടതിന്റെ ആവശ്യകത മനസിലാക്കിയതിനു എഫ് ബി ഐ ഡയറക്റ്റർ കാശ് പട്ടേലിനെ അവർ പ്രശംസിച്ചു. എന്നാൽ അറ്റോണി ജനറൽ പാം ബോണ്ടി ആ വിഷയം കൈകാര്യം ചെയ്ത രീതിയെ അവർ വിമർശിച്ചു.
എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിൽ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ സന്ദർശനം നടത്തിയെന്ന് ട്രംപ് പറഞ്ഞതു ശരിയല്ലെന്നും അവർ അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us