വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെ പാർട്ടി കൺവെൻഷനിൽ പ്രഖ്യാപിക്കുമെന്നു ട്രംപ്

New Update
vvvttt4567

വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെ ജൂലൈ 15നു മിൽവോക്കിയിൽ ആരംഭിക്കുന്ന റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷനിൽ പ്രഖ്യാപിക്കും. കൺവെൻഷനിൽ നാടകീയത ഉയർത്തുന്ന പ്രഖ്യാപനമാവും അതെന്നു പാർട്ടി വൃത്തങ്ങൾ പറയുന്നു.

Advertisment

ആരാവും സ്ഥാനാർഥിയെന്ന സൂചന ട്രംപ് നൽകിയിട്ടില്ല. എന്നാൽ അദ്ദേഹം തീരുമാനം എടുത്തു കഴിഞ്ഞു എന്നാണ് സഹായികൾ നൽകുന്ന സൂചന.ഫോക്സ് ന്യൂസിൽ പ്രഖ്യാപനം നടത്തുമെന്നു ജനുവരിയിൽ ട്രംപ് ചാനലിനോടു പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം പരിഗണിക്കുന്ന പലരുടെയും പശ്ചാത്തലം പരിശോധിച്ചു കൊണ്ടിരുന്നു. കൺവെൻഷനിൽ പറയാം എന്നാണ് അദ്ദേഹവും ഏറ്റവും ഒടുവിൽ പരസ്യമായി പറഞ്ഞിട്ടുള്ളത്.

2016ൽ മൈക്ക് പെൻസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ട്രംപ് പ്രഖ്യാപിച്ചതു ക്ളീവ്ലൻഡിൽ നടന്ന കൺവെൻഷനിൽ
ആയിരുന്നു. അത് ആവർത്തിക്കുമെന്നു ടെലിവിഷൻ ഹോസ്റ്റ് ഡോക്ടർ ഫിൽ മാക്ഗ്രോവിനോട് അദ്ദേഹം വ്യാഴാഴ്ച്ച പറഞ്ഞു. പിന്നീട് ഫോക്സ് ന്യൂസിലും അതു തന്നെ പറഞ്ഞു.

സ്ഥാനാർഥികളുടെ പശ്ചാത്തലം പരിശോധിക്കുന്നവരിൽ നിന്നാണ് ചിലരുടെ പേരുകൾ പുറത്തു വന്നിട്ടുള്ളത്: നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബർഗം, മുൻ ക്യാബിനറ്റ് സെക്രട്ടറി ബെൻ കാഴ്സൺ, ഹൗസ് അംഗങ്ങളായ റെപ്. ബൈറൺ ഡൊണാൾഡ്‌സ് (ഫ്ലോറിഡ), എലീസ് സ്റ്റെഫാനിക്ക് (ന്യൂ യോർക്ക്), സെനറ്റർമാരായ ടോം കോട്ടൺ (അർകാൻസോ), മാർക്കോ റുബിയോ (ഫ്ലോറിഡ), ടിം സ്കോട്ട് (സൗത്ത് കരളിന), ജെ ഡി വാൻസ്‌ (ഒഹായോ).  








 

 

Advertisment