Advertisment

പ്രസിഡന്റായാൽ ഔട്സോഴ്സിങ് നിർത്തലാക്കുമെന്നു ട്രംപ്; ഇന്ത്യക്കു ക്ഷീണമാവും

New Update
bhgy666666666777777777777778

പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ഉത്പാദനം മറ്റു രാജ്യങ്ങളെ ഏല്പിക്കുന്ന ഔട്സോഴ്സിങ് നിർത്തലാക്കുമെന്നു ഡൊണാൾഡ് ട്രംപ്. യുഎസിൽ നിന്ന് ഏറ്റവുമധികം ഔട്സോഴ്സിങ് മെച്ചം ലഭിക്കുന്ന ഇന്ത്യക്കു ആശങ്ക ഉയർത്തുന്ന നിലപാടാണിത്.

Advertisment

" ഔട്സോഴ്സിങ് നിർത്തുക, യുഎസിനെ ഉല്പാദന വൻശക്തി രാഷ്ട്രമാക്കുക," റിപ്പബ്ലിക്കൻ പാർട്ടി കൺവൻഷനു മുന്നോടിയായി ട്രംപിന്റെ പാർട്ടി പ്ലാറ്റ്‌ഫോം പുറത്തിറക്കിയ രേഖയിൽ പറയുന്നു.

അമേരിക്കയെ വീണ്ടും മഹദ് രാജ്യമാക്കാനുള്ള മാഗാ വാഗ്ദാനം നടപ്പാക്കാൻ 20 നിർദേശങ്ങൾ രേഖയിലുണ്ടെന്നു ട്രംപ് കാമ്പയ്ൻ സീനിയർ അഡ്വൈസർമാരായ ക്രിസ് ലാസിവിറ്റയും സൂസി വിൽസും പറഞ്ഞു.

പ്രസിഡന്റ് ബൈഡനും ഡെമോക്രറ്റുകളും ആരാവണം സ്ഥാനാർഥി എന്ന ചർച്ചയിലാണെന്നു അവർ ചൂണ്ടിക്കാട്ടി. "അവർ അനധികൃത കുടിയേറ്റക്കാരുടെ കുറ്റകൃത്യ പ്രളയത്തിനു വാതിൽ തുറന്നു കൊടുത്തു. അമേരിക്കൻ ഊർജത്തെ ചുവപ്പുനാടയിൽ കെട്ടിമുറുക്കാൻ ഉദ്യോഗസ്ഥ വൃന്ദത്തിനു കൂട്ടുനിന്നു. ദുർബലമായ വിദേശനയം കൊണ്ട് ലോകമൊട്ടാകെ അരാജകത്വമുണ്ടാക്കി. പ്രസിഡന്റ് ട്രംപ് അമേരിക്കയുടെ മഹത്വം വീണ്ടെടുക്കും."  

പാർട്ടിയുടെ യാഥാസ്ഥിതിക അജണ്ടയും ജനപ്രീതി നേടാവുന്ന നടപടികളും ചേർന്ന മിശ്രിതമാണ് ട്രംപ് പ്ലാറ്റ്‌ഫോം. അതിർത്തി അടയ്ക്കുമെന്നു വാഗ്‌ദാനം ചെയ്യുന്നു. എക്കാലത്തെയും വിപുലമായ നാടുകടത്തൽ ഉറപ്പു നൽകുന്നു. ജോലിക്കാർക്ക് നികുതി കുറയ്ക്കും. വിലക്കയറ്റം അവസാനിപ്പിക്കും. ലോകത്തെ ഏറ്റവും ശക്തമായ സൈന്യത്തെ വാർത്തെടുക്കും. യൂറോപ്പിലും മിഡിൽ ഈസ്റ്റിലും സമാധാനം ഉറപ്പാക്കും.

ഇന്ത്യയുടെ ഔട്സോഴ്സിങ് ബിസിനസിനു ലഭിക്കുന്നതിൽ 62% യുഎസിൽ നിന്നാണ്. ഫോർഡ്, സിസ്കോ, അമേരിക്കൻ എക്സ്പ്രസ്, ജനറൽ എലെക്ട്രിക്സ്, മൈക്രോസോഫ്റ്റ് എന്നിങ്ങനെ വൻ കിടക്കാർ അതിൽ ഉൾപ്പെടുന്നു.

Advertisment