അമേരിക്കൻ ടെക്നോളജി കമ്പനികളുടെ മേൽ ചുമത്തിയ ഡിജിറ്റൽ ടാക്‌സ് പിൻവലിക്കുമെന്നു കാനഡ ഞായറാഴ്ച്ച രാത്രി പ്രഖ്യാപിച്ചു. ഈ നികുതിയിൽ പ്രതിഷേധിച്ചു ആ രാജ്യവുമായുള്ള വ്യാപാര ചർച്ചകൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കിയിരുന്നു.
ട്രംപിനു വിജയം സമ്മാനിക്കുന്ന തീരുമാനം ഫലത്തിൽ വരാൻ നിയമനിർമാണത്തിന് സമയം വേണമെങ്കിലും തിങ്കളാഴ്ച്ച ഒരു വർഷം മുൻകാല പ്രാബല്യത്തോടെ നടപ്പിൽ വരേണ്ട നികുതി പിരിക്കേണ്ടതില്ലെന്നു പ്രധാനമന്ത്രി മാർക്ക് കാർണി നിർദേശം നൽകി.
നികുതി പിൻവലിക്കുന്നുവെന്നു കാർണി ട്രംപിനെ നേരിട്ട് അറിയിച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് വെളിപ്പെടുത്തി. മുൻകാല പ്രാബല്യത്തോടെ പിരിക്കുമ്പോൾ കാനഡയിലെ യുഎസ് കമ്പനികൾ $2.7 ബില്യൺ നൽകേണ്ടി വരുമായിരുന്നു.
വ്യാപാര ചർച്ചകൾ വീണ്ടും ആരംഭിക്കുന്നു എന്ന സൂചന നൽകി കാനഡ ധനമന്ത്രി ഫ്രാൻസ്വ-ഫിലിപ്പെ ഷാംപെയ്ൻ യുഎസ് ട്രേഡ് റെപ്രെസെന്ററ്റീവ് ജാമിസൺ ഗ്രിയറുമായി സംസാരിച്ചു.
ട്രംപിന്റെ പ്രഖ്യാപനമുണ്ടായി 48 മണിക്കൂറിനകമാണ് കാനഡ നികുതി പിൻവലിച്ചത്. ഇരു രാജ്യങ്ങൾക്കും പ്രയോജനം ഉണ്ടാക്കുന്ന സംവിധാനം ഉണ്ടാവുമെന്ന് കാനഡ പ്രത്യാശ പ്രകടിപ്പിച്ചു.