ട്രംപ് എച്-1 ബി വിസയ്ക്കു ചുമത്തിയ $100,000 ഫീസിനെതിരെ 20 സംസ്ഥാനങ്ങൾ കോടതിയിൽ

New Update
H

എച്-1 ബി വിസയ്ക്കു പ്രസിഡന്റ് ട്രംപ് ചുമത്തിയ $100,000 ഫീ രാജ്യമൊട്ടാകെ ആശുപത്രികളെയും സ്കൂളുകളെയും പ്രതികൂലമായി ബാധിക്കുമെന്നു 20 യുഎസ് സ്റ്റേറ്ററുകൾ കോടതിയിൽ പരാതിപ്പെട്ടു. വിദേശത്തു നിന്നു അവശ്യം വേണ്ട വിദഗ്ദ്ധരെ കൊണ്ടുവരാൻ ഈ സ്ഥാപനങ്ങൾക്കു കഴിയാതെ വരുമെന്നു അവർ ചൂണ്ടിക്കാട്ടി.

Advertisment

യുഎസ് ആരോഗ്യ, വിദ്യാഭ്യാസ, ഗവേഷണ, സാങ്കേതിക മേഖലകളിൽ ഏറ്റവുമധികം എച്-1 ബി വിസകൾ ലഭിക്കുന്ന ഇന്ത്യക്കാർക്ക് ഈ കേസ് ഏറെ പ്രധാനമാണ്. ഗ്ലോബൽ നഴ്സ് ഫോഴ്സ് ട്രംപിനെതിരെ കൊടുത്ത കേസിൽ കക്ഷി ചേർന്ന സംസ്ഥാനങ്ങൾ, ഇൻജൻക്ഷൻ നൽകണമെന്ന് നോർത്തേൺ ഡിസ്ട്രിക്ട‌് ഓഫ് കലിഫോർണിയയിലെ യുഎസ് ഡിസ്ട്രിക്ട് കോർട്ടിൽ ആവശ്യപ്പെട്ടു.

ട്രംപ് ചുമത്തിയ ഫീ നിയമവിരുദ്ധമാണെന്നും ജനകീയ താൽപര്യങ്ങൾക്കു വിരുദ്ധമാണെന്നും അവർ വാദിക്കുന്നു. തൊഴിൽ ചെയ്യുന്നവരെ കിട്ടാതെ വരും, സമ്പദ് വ്യവസ്ഥ ദുർബലമാവും, അവശ്യ സർവീസുകൾ താളം തെറ്റും.

രാജ്യമൊട്ടാകെ അധ്യാപകർക്കു ക്ഷാമമുണ്ട്. 74% സ്‌കൂളുകളിലും വേണ്ടത്ര അധ്യാപകരില്ല. എച്-1 ബി വിസ എടുക്കുന്നവരിൽ മൂന്നാമത്തെ ഏറ്റവും വലിയ വിഭാഗമാണ് അധ്യാപകർ.

ആശുപത്രികൾ ഡോക്ടർമാരെയും നഴ്സുമാരെയും കൊണ്ടുവരാൻ എച്-1 ബി വിസ ഉപയോഗിക്കുന്നു. കലിഫോർണിയയിൽ മാത്രം 11.4 മില്യൺ ആളുകൾ പ്രാഥമിക മെഡിക്കൽ സഹായം കിട്ടാത്ത അവസ്ഥയിലാണ്.

രാജ്യവ്യാപകമായി എടുത്താൽ 2036 ആവുമ്പോഴേക്ക് 86,000 ഫിസിഷ്യന്മാരുടെ കുറവുണ്ടാകും. $100,000 ഓരോ വിസയ്ക്കും കെട്ടിവയ്ക്കാൻ ആരോഗ്യ മേഖലയിലെ സ്‌ഥാപനങ്ങൾക്കു ബുദ്ധിമുട്ടാവും. മെഡിക്കൽ സഹായം കിട്ടാതെ വരികയും രോഗികൾ കഷ്ടപ്പെടുകയും ചെയ്യുമെന്നു ഹർജികളിൽ ചൂണ്ടിക്കാട്ടുന്നു.

എച്-1 ബി ജീവനക്കാരും അവരുടെ ആശ്രിതരും കൂടി വർഷം തോറും യുഎസ് സമ്പദ് വ്യവസ്ഥയ്ക്കു $86 ബില്യൺ സംഭാവന ചെയ്യുന്നുണ്ടെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അവർ ബില്യൺ കണക്കിനു ഫെഡറൽ, സ്റ്റേറ്റ്, ലോക്കൽ നികുതികൾ അടയ്ക്കുന്നു.

Advertisment