ട്രംപിന്റെ $5 മില്യൺ ഗോൾഡ് കാർഡ് വൈകും

New Update
ggvhb hjhk

യുഎസിലേക്കുള്ള കുടിയേറ്റം സുഗമാക്കാൻ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച $5 മില്യൺ ഗോൾഡ് കാർഡ് വരാൻ വൈകുമെന്നു വിദഗ്‌ധർ. കാരണം: കോൺഗ്രസിന്റെ അംഗീകാരം ഇല്ലാതെ അത് നടക്കില്ല. നിയമപരമായി കാർഡിന്റെ ജോലികൾ പൂർത്തിയായെന്നും അത് മാർച്ചിൽ വില്പന തുടങ്ങുമെന്നും ട്രംപ് പറഞ്ഞിരുന്നു. "വളരെ വേഗം അത് വിൽക്കാൻ വയ്ക്കും" എന്നദ്ദേഹം മാർച്ച് 4നു കോൺഗ്രസിലും പറഞ്ഞു.

വിസ നയങ്ങളിൽ ട്രംപിന് ഏറെ അധികാരമുണ്ട്. എന്നാൽ പുതിയൊരു വിഭാഗം വിസ കൊണ്ടുവരാൻ കോൺഗ്രസിന്റെ അനുമതി  കൂടിയേ തീരൂ എന്ന് വിദഗ്ദ്ധർ പറയുന്നു.ട്രംപിന്റെ ഗോൾഡ് കാർഡിനോട് സമാനമായ ഒരു പരിപാടി 1990ൽ നടപ്പാക്കിയത് സമ്പദ് വ്യവസ്ഥയെ ഉഷാറാക്കാൻ വേണ്ടി ആയിരുന്നു: ഇബി-5 ഇമിഗ്രന്റ് ഇൻവെസ്റ്റർ പ്രോഗ്രാം. 

Advertisment

അമേരിക്കൻ ബിസിനസിൽ പണം നന്നായി നിക്ഷേപിക്കുന്നവർക്കു ഗ്രീൻ കാർഡ് ലഭ്യമാക്കുന്ന ഏർപ്പാടായിരുന്നു അത്. അമേരിക്കൻ ജീവനക്കാർക്ക് 10 സ്ഥിരം ജോലികൾ ഉറപ്പു നൽകുകയും വേണം. 2022ൽ ആ വിസ 8,000 പേർക്ക് നൽകി."അതിനു പകരമാണ് ട്രംപ് ഗോൾഡ് കാർഡ് വരുന്നത്," കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക് പറഞ്ഞു.

കോൺഗ്രസ് അംഗീകരിച്ചു നടപ്പാക്കിയ ഒരു പദ്ധതി അങ്ങിനെ എളുപ്പത്തിൽ മാറ്റാൻ എക്സിക്യൂട്ടീവിന് അധികാരമില്ലെന്നാണ് വിദഗ്ദ്ധ മതം.യുഎസിന്റെ കടം വീട്ടാൻ ഒരു മില്യൺ ഗോൾഡ് കാർഡുകൾ വിൽക്കാം എന്നാണ് ട്രംപിന്റെ പ്രതീക്ഷ. എന്നാൽ നിയമനിർമാണം വേഗത്തിൽ നടക്കില്ല. കോൺഗ്രസിൽ കേവല ഭൂരിപക്ഷം കൊണ്ടുമാത്രം അത് ചെയ്യാൻ  ട്രംപിനു കഴിഞ്ഞെന്നും വരില്ല. റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്നെ അതിനോട് എതിർപ്പുണ്ട്.