/sathyam/media/media_files/2025/08/30/gc-2025-08-30-04-52-41.jpg)
റഷ്യ-യുക്രൈൻ യുദ്ധം 'പ്രധാനമന്ത്രി മോദിയുടെ യുദ്ധം' ആണെന്നു വൈറ്റ് ഹൗസിലെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവറോ. റഷ്യയിൽ നിന്നു വില കുറച്ചു എണ്ണ വാങ്ങി മറിച്ചു വിട്ടു വമ്പിച്ച ലാഭമുണ്ടാക്കുന്ന ഇന്ത്യ യുക്രൈനെ റഷ്യൻ ആക്രമണത്തിൽ പ്രതിരോധിക്കാൻ യുഎസിനെയും യുറോപ്പിനെയും നിർബന്ധിതരാക്കിയെന്നു പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനായ അദ്ദേഹം ആക്ഷേപിച്ചു.
"ഇന്ത്യയുടെ പ്രവൃത്തി മൂലം അമേരിക്കയിൽ എല്ലാവരും നഷ്ടം സഹിക്കയാണ്," നവറോ ബ്ലൂംബെർഗിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "ഉപഭോക്താക്കൾ നഷ്ടം സഹിക്കുന്നു, ബിസിനസുകൾക്കു നഷ്ടം ഉണ്ടാകുന്നു, ഇന്ത്യയുടെ ഉയർന്ന താരിഫ് മൂലം യുഎസിൽ തൊഴിലാളികൾക്കു വരുമാന നഷ്ടം സംഭവിക്കുന്നു. മോദിയുടെ യുദ്ധത്തിനു നമ്മൾ പണം കൊടുക്കേണ്ടി വരുന്നതു കൊണ്ട് ഇതൊക്കെ സംഭവിക്കുന്നു.
"സമാധാനത്തിലേക്കുള്ള വഴി ഭാഗികമായെങ്കിലും ഡൽഹിയിൽ കൂടിയാണ്."
ഊർജ ആവശ്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ കാട്ടുന്നത് അഹങ്കാരമാണെന്നു നവറോ വിശേഷിപ്പിച്ചു. ജനാധിപത്യ രാജ്യങ്ങളുടെ കൂടെ നിൽക്കാൻ ഇന്ത്യ പഠിക്കണം. "ഞങ്ങൾക്ക് ഇഷ്ടമുളള എവിടന്നും എണ്ണ വാങ്ങാം എന്നാണ് അവരുടെ വാദം. അത് ഞങ്ങളുടെ പരമാധികാരമാണ്. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമാണ്. അത് പെരുമാറ്റത്തിലും പക്ഷെ കാണണം.
"സമഗ്രാധിപത്യ രാജ്യങ്ങളായ റഷ്യയും ചൈനയുമായുമാണ് ഇന്ത്യ മെച്ചപ്പെട്ട ബന്ധങ്ങൾക്കു ശ്രമിക്കുന്നത്."
ചൈന ഇന്ത്യൻ ഭൂപ്രദേശം ആക്രമിച്ചിട്ടുണ്ടെന്നു നവറോ ചൂണ്ടിക്കാട്ടി. "അവർ നിങ്ങളുടെ സുഹൃത്തുക്കളല്ല. വര്ഷങ്ങളായി നിങ്ങളോടു യുദ്ധം ചെയ്യുന്നവരാണ്. റഷ്യക്കാരോ? ഓ, എന്തു പറയാൻ?"
അതേ സമയം, ഏറ്റവുമധികം റഷ്യൻ എണ്ണ വാങ്ങുന്ന ചൈനയ്‌ക്കെതിരെ യുഎസ് നടപടി എടുത്തിട്ടില്ലെന്നു ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ചൂണ്ടിക്കാട്ടി. ഏറ്റവുമധികം റഷ്യൻ എൽ എൻ ജി വാങ്ങുന്നത് ഞങ്ങളല്ല, യൂറോപ്യൻ യുണിയനാണ്. 2022ൽ യുദ്ധം ആരംഭിച്ച ശേഷം റഷ്യയുമായി ഏറ്റവുമധികം വ്യാപാരം വർധിപ്പിച്ചതു ഞങ്ങളല്ല.
"യുഎസിൽ നിന്നു ഞങ്ങൾ വാങ്ങുന്ന എണ്ണ വർധിച്ചിട്ടുമുണ്ട്."