'അതിശയ പുരുഷനായ' നരേന്ദ്ര മോദി യുഎസിൽ എത്തുമ്പോൾ അദ്ദേഹത്തെ കാണുമെന്നു റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ മൂന്നു ദിവസം തിരക്കിട്ട പരിപാടികൾ ഉണ്ടായിരുന്ന മോദി ട്രംപിനെ കാണാതെയാണ് മടങ്ങിയത്.വീണ്ടും യാഥാർഥ്യ ബോധമില്ലാതെ സംസാരിക്കയാണ് 78 വയസുള്ള മുൻ പ്രസിഡന്റ് ചെയ്തതെന്നു വിമർശകർ പറയുന്നു.
കമലാ ഹാരിസ് കാമ്പയ്ൻ ഇന്ത്യൻ പ്രധാനമന്ത്രിയെ കാണുമെന്നു പറഞ്ഞിരുന്നില്ല.ട്രംപ്-മോദി കൂടിക്കാഴ്ച യുഎസ് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തു വേണ്ട എന്നു ന്യൂ ഡൽഹി തീരുമാനിച്ചു എന്നാണ് അനുമാനം. ഒരു സ്ഥാനാർഥിയെയും കാണേണ്ടതില്ല എന്ന നയമാണ് നടപ്പാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധങ്ങൾ ഗണ്യമായ പുരോഗതി നേടുന്ന സമയത്തു തിരഞ്ഞടുപ്പിൽ ഇടപെട്ടു എന്ന അർപ്പണം വേണ്ട എന്നാണ് തീരുമാനം ഉണ്ടായത്.
ഇന്ത്യ ബന്ധങ്ങളിൽ ഏറ്റവും വലിയ ദുരുപയോഗം നടത്തുന്ന രാജ്യമാണെന്ന ട്രംപിന്റെ അഭിപ്രായം ആവട്ടെ, പ്രകോപനപരം ആയിരുന്നു താനും. മുൻപ് ട്രംപുമായി ഉറ്റ സൗഹൃദം ഉണ്ടായിരുന്ന മോദി അതിനു പ്രതികരിച്ചില്ല. ട്രംപിനെതിരെ നടന്ന രണ്ടാം വധശ്രമത്തെ കുറിച്ചും മോദി മിണ്ടിയില്ല.ട്രംപ് 2020ൽ മത്സരിക്കുമ്പോൾ മോദി ഹ്യുസ്റ്റണിൽ നടന്ന റാലിയിൽ അദ്ദേഹത്തെ പിന്താങ്ങിയിരുന്നു. "അബ്കി ബാർ, ട്രംപ് സർക്കാർ" എന്നദ്ദേഹം ഇന്ത്യൻ പ്രവാസി സമൂഹത്തോട് പറഞ്ഞത് വിവാദമായി. ട്രംപ് തിരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്തു. മോദിയുടെ ഭാഗത്തു നിന്നുണ്ടായ വലിയൊരു പിഴവായി അത്.