New Update
/sathyam/media/media_files/2025/06/28/vfgcfgff-2025-06-28-03-38-26.jpg)
പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ അപ്പ്രൂവൽ റേറ്റിംഗ് വീണ്ടും താഴേക്ക്. ജൂൺ 20നു ശേഷം നടത്തിയ രണ്ടു സർവേകളിൽ അദ്ദേഹത്തിനു ഭൂരിപക്ഷ പിൻബലം ഇല്ലെന്നാണ് കാണുന്നത്.
എമേഴ്സൺ കോളജ് നടത്തിയ സർവേയിൽ അദ്ദേഹത്തിനു ജോലിയിൽ മികവുണ്ടെന്നു 45% പേർ പറയുമ്പോൾ ഇല്ലെന്നു 46% പറയുന്നു. 9% നിഷ്പക്ഷരോ അഭിപ്രായം ഇല്ലാത്തവരോ ആണ്. ഇറാനിൽ യുഎസ് ആക്രമണം നടത്തിയ ശേഷമാണു ജൂൺ 24-25നു ഈ സർവേ നടത്തിയത്.
ജൂൺ 20-23നു എക്കണോമിസ്റ്റ്-യുഗവ് പോളിൽ കണ്ടത് ട്രംപിനു ജോലിയിൽ മികവ് കാണുന്നത് 40% പേരും എതിർക്കുന്നത് 54% പേരും എന്നാണ്. സർവേ ആരംഭിച്ച ശേഷമാണ് ഇറാനിൽ ട്രംപ് ബോംബിട്ടത്. രണ്ടാമത് അധികാരമേറ്റ ശേഷം ട്രംപിന്റെ ഏറ്റവും കുറഞ്ഞ പിന്തുണയാണ് ഈ സർവേയിൽ കാണുന്നത്.
ട്രംപ് വീണ്ടും അധികാരമേറ്റ ജനുവരിയിൽ എമേഴ്സൺ പോളിംഗിൽ അദ്ദേഹത്തിനു മികവുണ്ടെന്നു 49% പേർ പറഞ്ഞിരുന്നു. അന്ന് എതിർത്തവർ 41% ആയിരുന്നു. എന്നാൽ ഏപ്രിൽ ആയപ്പോൾ അനുകൂലിക്കുന്നവരും എതിർക്കുന്നവരും 45% വീതമായി.
ഏറ്റവും പുതിയ പോളിംഗിൽ ട്രംപിനു തിരിച്ചടിയാവുന്ന മറ്റൊരു ഫലം രാജ്യം തെറ്റായ ദിശയിലാണെന്നു ഭൂരിപക്ഷം -- 53% പേർ -- പറയുന്നു എന്നതാണ്. ശരിയായ ദിശയിലാണെന്നു 48% പറയുന്നുണ്ട്.
യുഎസ് ഹൗസിൽ ഭൂരിപക്ഷം വീണ്ടെടുക്കാൻ ഡെമോക്രാറ്റുകൾക്കു അനുകൂല കാലാവസ്ഥ തെളിയുന്നു എന്നതാണ് മറ്റൊരു സൂചന. 43% അങ്ങിനെ ചിന്തിക്കുമ്പോൾ 40% ആണ് റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നിലനിർത്തുമെന്ന് ചിന്തിക്കുന്നത്. 18% പേർ തീരുമാനം എടുത്തിട്ടില്ല.
സ്വതന്ത്ര വോട്ടർമാരിൽ 37% ഡെമോക്രറ്റ്സിനു വോട്ട് ചെയ്യുമെന്ന് പറയുമ്പോൾ റിപ്പബ്ലിക്കൻ പക്ഷത്തേക്കു ചായുന്നവർ 27% മാത്രമാണെന്നു എമേഴ്സൺ പോളിംഗ് ഡയറക്റ്റർ സ്‌പെൻസർ കിംബൽ ചൂണ്ടിക്കാട്ടി. അതേ സമയം, 36% സ്വതന്ത്രർ തീരുമാനം എടുത്തിട്ടില്ല. അവരുടെ അഭിപ്രായങ്ങൾ ഇനിയും മാറാം.
റജിസ്റ്റർ ചെയ്ത 1,000 വോട്ടർമാരെയാണ് എമേഴ്സൺ സർവേ ചെയ്തത്. പിഴവ് മാർജിൻ 3%.
എക്കണോമിസ്റ്റ്-യുഗവ് പോളിൽ, ഇറാനിലെ ആക്രമണത്തിനു മുൻപ് 57% റിപ്പബ്ലിക്കൻ വോട്ടർമാരാണ് ട്രംപിനെ തുണച്ചിരുന്നത്. എന്നാൽ ആക്രമണത്തിനു ശേഷം അത് 82% ആയി. ബോംബിങ്ങിനു മുൻപ് അതിനെ അനുകൂലിച്ചവർ പാർട്ടിയിൽ ഏതാണ്ട് 33% ആയിരുന്നത് പിന്നീട് 70% ആയി.
അതേ സമയം, ഡെമോക്രറ്റുകളിൽ ആക്രമണത്തെ എതിർത്തവരാണ് വർധിച്ചത് -- 56 ശതമാനത്തിൽ നിന്ന് 74% ആയി.