വത്തിക്കാന്‍ സിറ്റി: കാലം ചെയ്ത ഫ്രാന്‍സിസ് പാപ്പയുടെ സംസ്കാരച്ചടങ്ങിലെ വസ്ത്രധാരണത്തിന് വിമര്‍ശനം ഏറ്റു വാങ്ങി അമെരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.
ലോക നേതാക്കളും പതിനായിരക്കണക്കിനു വിശ്വാസികളും പങ്കെടുത്ത ചടങ്ങിലാണ് ട്രംപ് കറുപ്പിനു പകരം നീല അണിഞ്ഞു വന്നത്. പലയിടങ്ങളിലും സംസ്കാരച്ചടങ്ങുകളില്‍ കറുപ്പ് ധരിക്കുന്നത് ദുഃഖത്തെയും ബഹുമാനത്തെയും സൂചിപ്പിക്കുന്നു. മറ്റു നിറങ്ങള്‍ ധരിക്കുന്നത് അനാദരവായാണ് പലരും കണക്കാക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മര്‍, അര്‍ജന്‍റീന പ്രസിഡന്‍റ് ജാവിയര്‍ മിലി, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവര്‍ ഉള്‍പ്പടെയുളള ലോക നേതാക്കള്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ കറുത്ത വസ്ത്രം അണിഞ്ഞ് എത്തിയിരുന്നു.
ട്രംപിന്‍റെ പങ്കാളി മെലാനിയ ട്രംപും കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് ചടങ്ങിനെത്തിയത്. ഇളം നീല നിറത്തിലുള്ള കോട്ടാണ് ട്രംപ് ധരിച്ചിരുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ഉപയോക്താക്കളാണ് ട്രംപിനെതിരെ രംഗത്തെത്തിയത്. ഇത് ലജ്ജാകരമാണെന്നും കടും നീല നിറമെങ്കിലും ട്രംപിന് തെരഞ്ഞെടുക്കാമായിരുന്നു എന്നും ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി.
കറുപ്പ് സ്യൂട്ടും നീല ടൈയും ധരിച്ചാണ് മുന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ചടങ്ങിന് എത്തിയത്. മാര്‍പ്പാപ്പയുടെ ആഗ്രഹ പ്രകാരം റോമിലെ സെന്‍റ് മേരി മേജര്‍ ബസിലിക്കയിലായിരുന്നു കബറടക്കം. ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചത്.