ഗ്രീൻലാൻഡ് ജനതയ്ക്ക് ട്രംപിന്റെ വക വൻ ഓഫർ; ഒരു ലക്ഷം വരെ ഒറ്റത്തവണയായി നൽകും

New Update
G

വാഷിങ്ടൺ: ഗ്രീൻലാൻഡിനെ അമേരിക്കയിലേക്ക് കൂട്ടിച്ചേർക്കാൻ പ്രേരിപ്പിക്കുന്നതിനായി ട്രംപ് ഭരണകൂടം പണം നൽകാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഗ്രീൻലാൻഡിലെ ജനതയ്ക്ക് 10,000 ഡോളർ മുതൽ ഒരു ലക്ഷം ഡോളർ വരെ ഒറ്റത്തവണ പേയ്മെന്റായി നൽകാനാണ് നീക്കം.

Advertisment

ഗ്രീൻലാൻഡിലെ 57,000 വരുന്ന പൗരന്മാർക്ക് 10,000 ഡോളർ മുതൽ ഒരു ലക്ഷം ഡോളർ (ഏകദേശം 8 ലക്ഷം മുതൽ 83 ലക്ഷം രൂപ വരെ) വരെ ഒറ്റത്തവണ പേയ്മെന്റായി നൽകാനാണ് വൈറ്റ് ഹൗസ് ആലോചിക്കുന്നത്. ഇതിനായി ഏകദേശം 600 കോടി ഡോളർ അമേരിക്ക ചെലവിടുമെന്നാണ് സൂചന. ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും ഇതിനായി സൈനിക നീക്കം ഒരു ഓപ്ഷനാണെന്നും വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലവിറ്റ് വ്യക്തമാക്കി. ഗ്രീൻലാൻഡിനെ സുരക്ഷിതമാക്കാൻ ഡെന്മാർക്കിന് സാധിക്കുന്നില്ലെന്നാണ് ട്രംപിന്റെ വാദം.

അമേരിക്കയുടെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഗ്രീൻലാൻഡിനെ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ സൈനികമായി നേരിടുമെന്നും ഡെന്മാർക്ക് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണമുണ്ടായാൽ ഉത്തരവിനായി കാത്തുനിൽക്കാതെ തന്നെ തിരിച്ചടിക്കണമെന്ന് ഡാനിഷ് സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അമേരിക്കൻ നീക്കം ‘നാറ്റോ' സഖ്യത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ മുന്നറിയിപ്പ് നൽകി.

'ഗ്രീൻലാൻഡ് വിൽപനയ്ക്കുള്ളതല്ല' എന്ന് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ ആവർത്തിച്ചു. പണവാഗ്ദാനത്തിലൂടെ തങ്ങളെ വിലയ്ക്കുവാങ്ങാമെന്നത് വെറും വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം ചർച്ച ചെയ്യുന്നതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടുത്ത ആഴ്ച ഡാനിഷ് അധികൃതരുമായി വാഷിങ്ടണിൽ കൂടിക്കാഴ്ച നടത്തും.

ഡെന്മാർക്കും ഗ്രീൻലാൻഡും സംയുക്തമായാണ് ഈ ചർച്ചയിൽ പങ്കെടുക്കുക. ആർട്ടിക് മേഖലയിലെ അപൂർവ്വ ധാതു നിക്ഷേപങ്ങളും തന്ത്രപ്രധാനമായ സ്ഥാനവുമാണ് ഗ്രീൻലാൻഡിനെ സ്വന്തമാക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നത്.

Advertisment