ഡൊണാൾഡ് ട്രംപിന്റെ വലം കൈയ്യെന്നു അറിയപ്പെടുന്ന ഇന്ത്യൻ അമേരിക്കൻ എന്നും വിവാദങ്ങളിൽ പെട്ടിരുന്നുവെങ്കിലും ട്രംപ് വീണ്ടും പ്രസിഡന്റായാൽ രാജ്യത്തിനു വലിയ അപകടമാവും എന്ന വിമർശനം ഉയരുന്നു. കാഷ് പട്ടേൽ (44) ട്രംപിനു വേണ്ടി "എന്തും ചെയ്യാൻ" മടിക്കില്ലെന്നാണ് 'ദ അറ്റ്ലാന്റിക്' പത്രത്തിൽ എലിയാന പ്ലോട്ട് കാലാബ്രോ എഴുതുന്നത്.
പട്ടേൽ ട്രംപിനു കീഴിൽ നാഷനൽ സെക്യൂരിറ്റി അഡ്വൈസർ ആയിരുന്നു. പിന്നീട് പ്രതിരോധ സെക്രട്ടറിയുടെ ചീഫ് ഓഫ് സ്റ്റാഫും. ഇപ്പോൾ ട്രംപ് ജയിച്ചാൽ യാഥാസ്ഥിതിക അജണ്ട എങ്ങിനെ നടപ്പാക്കാം എന്നു മാർഗനിർദേശം നൽകാൻ സംഘടിപ്പിച്ച സെന്റർ ഫോർ റീന്യൂയിങ് അമേരിക്ക എന്ന തിങ്ക് ടാങ്കിൽ ഫെലോ ആണ്.
യഥാർഥത്തിൽ ട്രംപിന്റെ കൂടെ പ്രവർത്തിക്കുന്നവർക്കു പട്ടേലിനെ വെറുപ്പാണെന്നു കാലാബ്രോ എഴുതുന്നു.
ആക്റ്റിംഗ് ഡിഫെൻസ് സെക്രട്ടറി ക്രിസ്റ്റഫർ മില്ലറുടെ ചീഫ് ഓഫ് സ്റ്റാഫ് ആയിരിക്കെ പട്ടേലിനെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മില്ലി താക്കീതു ചെയ്തിരുന്നു. ട്രംപിനെ അധികാരത്തിൽ ഇരുത്താൻ നിയമം ലംഘിക്കേണ്ട എന്നായിരുന്നു താക്കീത്.എഫ് ബി ഐ ഡെപ്യൂട്ടി ഡയറക്റ്റർ ആയി പട്ടേലിനെ നിയമിക്കാൻ ട്രംപ് ആലോചിച്ചപ്പോൾ അറ്റോണി ജനറൽ ബിൽ ബ്രാർ എതിർത്തു.
സി ഐ എ ഡെപ്യൂട്ടി ഡയറക്റ്റർ ആക്കാൻ ശ്രമിച്ചപ്പോൾ അതിന്റെ അന്നത്തെ മേധാവി ജീന ഹാസ്‌പെൽ രാജി വയ്ക്കുമെന്ന് ഭീഷണി മുഴക്കി.ട്രംപ് അധികാരത്തിൽ നിന്നു പോയ ശേഷം അദ്ദേഹത്തെ വീരപുരുഷനായി ചിത്രീകരിക്കുന്ന രണ്ടു ബാലകഥാ പുസ്തകങ്ങൾ പട്ടേൽ ഇറക്കി.