ട്രംപ് ലോസ് ഏഞ്ചലസിൽ നാഷനൽ ഗാർഡുകളെ വിന്യസിച്ചത് അപ്പീൽ കോടതി ശരിവച്ചു

New Update
Fbfjgjg

ലോസ് ഏഞ്ചലസിൽ കലാപസമാനമായ സാഹചര്യത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാഷനൽ ഗാർഡുകളെ വിന്യസിച്ചത് ന്യായമാണെന്നു ഫെഡറൽ അപ്പീൽ കോടതി വ്യാഴാഴ്ച്ച വിധിച്ചു. ട്രംപ് അധികാരസീമ ലംഘിച്ചുവെന്ന സാൻ ഫ്രാൻസിസ്‌കോ കീഴ്കോടതിയുടെ കണ്ടെത്തൽ ശരിയല്ലെന്നു യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ നയന്ത് സർക്യൂട്ട് പറഞ്ഞു.

Advertisment

ഗാർഡുകളെ തിരിച്ചു കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസമിന്റെ നിയന്ത്രണത്തിലേക്ക് അയക്കണമെന്നു കീഴ്കോടതി വിധിച്ചിരുന്നു.

ലോസ് ഏഞ്ചലസിൽ ഗാർഡുകളെ നിയോഗിക്കാൻ പ്രസിഡന്റ് ഉത്തരവിടാനുള്ള സാഹചര്യം നിലവിൽ ഉണ്ടായിരുന്നുവെന്ന് അപ്പീൽ കോടതിയിലെ മൂന്നു ജഡ്‌ജുമാരും തീർപ്പു കല്പിച്ചു. ഫെഡറൽ കുടിയേറ്റ നിയമങ്ങൾ നടപ്പാക്കുന്നത് തടയുന്ന സാഹചര്യം ഉണ്ടായപ്പോൾ അതിനെ പ്രസിഡന്റ് നേരിട്ട രീതി ശരിയാണ്. "അദ്ദേഹം തന്റെ അധികാര പരിധിയിൽ നിന്നു കൊണ്ടു തന്നെയാണ് പ്രവർത്തിച്ചതെന്നു ഞങ്ങൾ കാണുന്നു."

ജഡ്ജുമാരുടെ പാനലിൽ രണ്ടു പേരെ ട്രംപും ഒരാളെ മുൻ പ്രസിഡന്റ് ജോ ബൈഡനും നിയമിച്ചതാണ്.

ട്രംപിന്റെ ഉത്തരവിനെതിരെ കാലിഫോർണിയ സമർപ്പിച്ച ഹർജിയിലുള്ള വിചാരണ തുടരും.

നിയമപാലകർ പരാജയപ്പെട്ടാൽ നാഷനൽ ഗാർഡുകളെ യുഎസിൽ എവിടെയും വിന്യസിക്കാൻ അപ്പീൽ കോടതി തനിക്കു പച്ചക്കൊടി കാട്ടിയെന്നു ട്രംപ് പ്രതികരിച്ചു.

പക്ഷെ പ്രസിഡന്റിന്റെ തീരുമാനം കോടതി വിലയിരുത്താൻ പാടില്ല എന്ന അപ്പീൽ കോടതിയുടെ അഭിപ്രായത്തോട് പ്രതികരിച്ചു ഗവർണർ ന്യൂസം പറഞ്ഞു: "പ്രസിഡന്റ് നിയമത്തിനു അതീതനായ രാജാവല്ല. ഞങ്ങൾ പ്രസിഡന്റ് ട്രംപിന്റെ സർവ്വാധിപത്യത്തെ വെല്ലുവിളിക്കുന്ന പോരാട്ടം തുടരും."

Advertisment