ട്രംപ് പാക്കിസ്ഥാനുമായി ബന്ധപ്പെട്ടത് ഇന്ത്യയ്ക്കും ഗുണം ചെയ്തുവെന്നു വക്താവ്

New Update
Gyfhv

പാക്കിസ്ഥാനുമായി പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് സ്ഥാപിച്ച നല്ല ബന്ധങ്ങളെ ന്യായീകരിച്ചു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് ടാമി ബ്രൂസ്. ഇന്ത്യയുമായി നല്ല ബന്ധങ്ങൾ തന്നെയാണ് ഉള്ളതെന്ന് അവർ ചൂണ്ടിക്കാട്ടി. 

Advertisment

"എല്ലാവരുമായും ബന്ധപ്പെടുന്ന പ്രസിഡന്റിനു കൂടുതൽ പ്രയോജനം ഉണ്ടാക്കാൻ കഴിയും," അവർ പറഞ്ഞു. "രണ്ടു രാജ്യങ്ങളുമായും നമുക്ക് നല്ല ബന്ധങ്ങളാണുള്ളത്. എന്നും അങ്ങിനെ ആയിരുന്നു."

പാക്ക് സൈനിക മേധാവി അസിം മുനീറിനെ ട്രംപ് സ്വീകരിച്ചതു കൊണ്ടു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള ബന്ധങ്ങൾ ഉലയുമോ എന്ന് ചൊവാഴ്ച്ച ഒരു റിപ്പോർട്ടർ ചോദിച്ചപ്പോഴാണ് ബ്രൂസ് ഇങ്ങിനെ പ്രതികരിച്ചത്.

മുനീറുമായി ട്രംപ് ശക്തമായ ബന്ധം സ്ഥാപിച്ചതിനാൽ പാക്കിസ്ഥാനു കൂടുതൽ യുഎസ് സഹായവും ആയുധ വില്പനയും ഉണ്ടാവുമോ എന്ന ചോദ്യത്തിനു പക്ഷെ ബ്രൂസ് മറുപടി നൽകിയില്ല.

ചൊവാഴ്ച്ച ഇസ്ലാമാബാദിൽ യുഎസ്-പാക്ക് ഭീകര വിരുദ്ധ ചർച്ചകൾ നടന്നുവെന്ന് ബ്രൂസ് ചൂണ്ടിക്കാട്ടി. എല്ലാ രൂപത്തിലുമുള്ള ഭീകരതയെ നേരിടാനുള്ള നിശ്ചയദാർഢ്യം ഇരു രാജ്യങ്ങളും ആവർത്തിച്ചിട്ടുണ്ടെന്നു അവർ ചൂണ്ടിക്കാട്ടി.

"അത് മേഖലയ്ക്കും ലോകത്തിനും നല്ലതാണ്," ബ്രൂസ് പറഞ്ഞു.

ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം ഒഴിവാക്കാൻ മുനീർ വഹിച്ച പങ്കിനു നന്ദി പറയാനാണ് ജൂണിൽ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്കു വിളിപ്പിച്ചതെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. മുനീർ അന്നു ട്രംപിനെ നൊബേൽ സമ്മാനത്തിനു നോമിനേറ്റ് ചെയ്യുമെന്ന് ഉറപ്പു നൽകി.

കഴിഞ്ഞയാഴ്ച്ച വീണ്ടും യുഎസിൽ എത്തിയ മുനീർ ഫ്ലോറിഡയിലെ ടാമ്പയിൽ ഇന്ത്യക്കും ലോകത്തിനും എതിരെ ആണവ യുദ്ധ ഭീഷണി ഉയർത്തി.

ഇന്ത്യ-പാക്ക് യുദ്ധം അവസാനിപ്പിച്ച ട്രംപ് ഭീകരമാകാമായിരുന്ന ഒരു യുദ്ധമാണ് ഒഴിവാക്കിയതെന്നു യു എന്നിൽ ഡെപ്യൂട്ടി പെർമനന്റ് റെപ്രെസെന്ററ്റീവ് ആയി നിയമിതയായ ബ്രൂസ് പറഞ്ഞു.

Advertisment