/sathyam/media/media_files/2025/10/18/gggg-2025-10-18-06-10-20.jpg)
ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണത്തിൽ നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ആയിരുന്ന ജോൺ ബോൾട്ടന്റെ മേൽ മെരിലാൻഡിൽ ഫെഡറൽ ജൂറി കുറ്റം ചുമത്തി. ഇപ്പോൾ ട്രംപിന്റെ നിശിത വിമർശകനായ ബോൾട്ടൻ നേരിടുന്ന 18 കുറ്റങ്ങളിൽ എട്ടെണ്ണം പ്രതിരോധ രഹസ്യങ്ങൾ കൈമാറി എന്നതും പത്തെണ്ണം അത്തരം രഹസ്യങ്ങൾ കയ്യിൽ വച്ചു എന്നതുമാണ്.
എൻ എസ് എ ആയിരിക്കുമ്പോൾ അനധികൃതരായ രണ്ടു പേരുമായി തന്റെ ദൈനം ദിന പ്രവർത്തനത്തിന്റെ വിവരങ്ങൾ അടങ്ങുന്ന 1,000 പേജോളം ബോൾട്ടൻ പങ്കുവച്ചു എന്നതാണു ഒരു ആരോപണം. ഇരുവരും കുടുംബാംഗങ്ങൾ ആയിരുന്നു. എന്നാൽ അതീവ രഹസ്യമായ വിവരങ്ങൾ ലഭിക്കാൻ അധികാരമുള്ളവർ ആയിരുന്നില്ല. ഭാര്യക്കും മക്കൾക്കും ബോൾട്ടൻ ഇമെയിലിൽ വിവരങ്ങൾ പങ്കുവച്ചെന്നു സി എൻ എൻ പറയുന്നു.
ബോൾട്ടന്റെ ഡയറിക്കുറിപ്പുകളുടെ പ്രിന്റ്ഔട്ടുകൾ വീട്ടിൽ കണ്ടെത്തിയെന്നും പ്രോസിക്യൂഷൻ പറയുന്നു.
ഗ്രീൻബെൽറ്റിലെ ഫെഡറൽ കോടതിയിൽ വെള്ളിയാഴ്ച്ച ബോൾട്ടൻ കീഴടങ്ങും എന്നാണ് സി എൻ എൻ റിപ്പോർട്ട്. ബരാക്ക് ഒബാമയുടെ ഭരണകാലത്തു നിയമിച്ച ജഡ്ജ് തിയഡോർ ഡി. ചുങ് ആണ് കേസ് കൈകാര്യം ചെയ്യുന്നത്.
അതിസൂക്ഷ്മമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രൂപം കൊണ്ടതെന്നു എഫ് ബി ഐ ഡയറക്റ്റർ കാഷ് പട്ടേൽ പ്രസ്താവനയിൽ പറഞ്ഞു.