/sathyam/media/media_files/2025/09/20/hhgg-2025-09-20-05-45-27.jpg)
ഫ്ലോറിഡ: പരാതി വളരെ ദൈർഘ്യമേറിയതാണെന്ന കാരണം ചൂണ്ടിക്കാട്ടി ന്യൂയോർക്ക് ടൈംസിനെതിരെ പ്രസിഡന്റ് ട്രംപ് സമർപ്പിച്ച 15 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഫ്ലോറിഡ ജഡ്ജി തള്ളി.
പരാതിയുടെ ദൈർഘ്യം അനുചിതവും അനുവദനീയമല്ലാത്തതുമാണ് എന്ന് നാല് പേജുള്ള ഉത്തരവിൽ ടാമ്പ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്‌ജി സ്റ്റീവൻ ഡി. മെറിഡേ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് നിയമിച്ച ജഡ്ജിയാണ് അദ്ദേഹം. പരാതി 85 പേജുണ്ട്.
40 പേജിൽ കൂടാതെയുള്ള ഭേദഗതി ചെയ്‌ത പരാതി ഫയൽ ചെയ്യാൻ 28 ദിവസത്തെ സമയം നൽകി.
'ലളിതമായ രണ്ട് അപകീർത്തി ആരോപണങ്ങൾ മാത്രം ഉന്നയിക്കുന്ന പരാതി എൺപത്തിയഞ്ച് പേജുണ്ട്. പരാതിയിലെ ഓരോ ആരോപണവും സത്യമാണെന്ന് അനുമാനിച്ചാലും ഇത്രയും നീണ്ട പരാതി അനുചിതമാണ്. ഒരു പരാതി ജനശ്രദ്ധ നേടാനുള്ള ഒരു മെഗാഫോണോ ഒരു രാഷ്ട്രീയ റാലിയിലെ വികാരഭരിതമായ പ്രസംഗത്തിനുള്ള ഒരു വേദിയോ ഹൈഡ് പാർക്ക് സ്പീക്കേഴ്സ് കോർണറിന് തുല്യമായ പ്രവർത്തനമോ അല്ല,' ജഡ്‌ജി വ്യക്തമാക്കി.