പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിൽ പാക്ക് സൈനിക മേധാവി ജനറൽ അസിം മുനീറിനെ സ്വീകരിച്ചത് ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ പ്രശ്നമുണ്ടാക്കിയെന്നു റിപ്പോർട്ട്. നയതന്ത്ര തലത്തിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചെന്നു മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മുനീറിനെ ട്രംപ് വൈറ്റ് ഹൗസിൽ സ്വീകരിക്കുകയും ഉച്ച ഭക്ഷണം നൽകുകയും ചെയ്തു. ഡൽഹിയിൽ ആ കൂടിക്കാഴ്ച വലിയ ആശങ്ക ഉയർത്തി.
അതിനെ തുടർന്നു ജൂണിൽ കാനഡയിൽ ജി 7 ഉച്ചകോടി കഴിഞ്ഞു വാഷിംഗ്‌ടണിൽ എത്താനുള്ള ട്രംപിന്റെ ക്ഷണം മോദി നിരസിച്ചു.
പാക്കിസ്ഥാനോടുള്ള യുഎസ് സമീപനം ഇന്ത്യയുടെ വിദേശനയത്തെ സ്വാധീനിച്ചുവെന്നു റോയിട്ടേഴ്സിനോടു സംസാരിച്ച ഉദ്യോഗസ്ഥർ പറയുന്നു. ചൈനയുമായി ദീർഘകാലമായി ബന്ധങ്ങൾ മോശമായിരുന്നുവെങ്കിലും ഇന്ത്യ ഇപ്പോൾ അവ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത് അതിന്റെ ഭാഗമാണെന്ന് ഈ ഉദ്യോഗസ്ഥർ പറയുന്നു.
"അതിർത്തി കടന്നു ഭീകരാക്രമണം നടത്തുന്നത് ഇന്ത്യക്കു ഒരിക്കലും വച്ചുപൊറുപ്പിക്കാൻ കഴിയില്ല. അതൊരു ലക്ഷ്മണരേഖയാണ്. ഞങ്ങളുടെ ആശങ്കകൾ മനസിലാക്കാൻ ട്രംപിനു കഴിയുന്നില്ലെങ്കിൽ ബന്ധങ്ങളിൽ ഉലച്ചിൽ ഉണ്ടാവുക തന്നെ ചെയ്യും."
"ട്രംപിന്റെ പാക്ക് ബന്ധം വർഷങ്ങളായി മെച്ചപ്പെട്ടു വന്ന ഇന്ത്യ - യുഎസ് ബന്ധങ്ങളെ ബാധിച്ചിട്ടുണ്ട്. ഭീകര വിരുദ്ധ പോരാട്ടത്തിലെ സഹകരണത്തിൽ അർത്ഥമില്ലാതായി. യുഎസ് പാക്കിസ്ഥാനുമായി കൂടുതൽ തവണയും ഊർജിതമായും ഇടപെടുന്നു," വാഷിംഗ്‌ടണിലുള്ള നിരീക്ഷകൻ മൈക്കൽ കുഗൽമാൻ പറയുന്നു.
ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ മന്ദഗതിയിലായത് അതിന്റെ ഒരു ഫലമാണ്. അമിതമായ താരിഫുകൾക്കു തിരിച്ചടിക്കുമെന്ന് ഇന്ത്യ വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ താക്കീതു നൽകുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ താൻ വ്യാപാരം ആയുധമാക്കിയെന്ന ട്രംപിന്റെ അവകാശവാദം മോദി ശക്തമായി നിഷേധിച്ചു. ഇരു രാജ്യങ്ങളുടെയും സൈനിക നേതാക്കൾ തമ്മിൽ നേരിട്ട് സംസാരിച്ചാണ് വെടിനിർത്തൽ സാധ്യമാക്കിയത് എന്നദ്ദേഹം അടിവരയിട്ടു പറഞ്ഞു.
വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ കഴിഞ്ഞയാഴ്ച്ച ചൈനയിൽ പ്രസിഡന്റ് ഷി ഉൾപ്പെടെയുള്ള നേതാക്കളെ കണ്ടു സംസാരിച്ചിരുന്നു. 2020ൽ ഉണ്ടായ അതിർത്തി സംഘർഷത്തിനു ശേഷം നടന്ന ആദ്യത്തെ ഉന്നത തല ചർച്ച വിജയകരമായെന്നാണ് വിലയിരുത്തൽ. ചൈനയുടെ നിക്ഷേപങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇന്ത്യ അയച്ചിട്ടുണ്ട്.