/sathyam/media/media_files/2025/08/28/ggcfc-2025-08-28-03-55-58.jpg)
ട്രംപിന്റെ താരിഫ് ബോംബ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വ്യാപാര മേഖലയിൽ കനത്ത തിരിച്ചടി ആയിരിക്കുകയാണ്. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയിലേക്കുള്ള 70 ശതമാനം കയറ്റുമതിയും നിലച്ചുപോകുന്ന അവസ്ഥ രാജ്യത്തെ ഉല്‍പാദന, കയറ്റുമതി മേഖലകളെ സ്തംഭനാവസ്ഥയിലാക്കി കഴിഞ്ഞു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. തിരുപ്പൂരിലും സൂററ്റിലും നോയിഡയിലുമടക്കം ആഭരണ, ടെക്സ്റ്റയിൽ മേഖലകളിലുള്ള ബിസിനസുകാര്‍ ഉല്‍പാദന പ്രവര്‍ത്തനങ്ങൾ നിര്‍ത്തിവെച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയുടെ യു എസിലേക്കുള്ള ഏകദേശം $60.2 ബില്യൺ വരുന്ന മൊത്തം കയറ്റുമതിയുടെ മൂന്നിൽ രണ്ട് ഭാഗവും ഉയർന്ന താരിഫിന്റെ പരിധിയിൽ വരും.
തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ, രാസവസ്തുക്കൾ, പാദരക്ഷ, ചെമ്മീൻ തുടങ്ങിയ മേഖലകളെയാണ് പുതിയ തീരുമാനം പ്രധാനമായും ബാധിക്കുക. പുതിയ താരിഫുകൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസിൽ വില ഉയർത്തുമെന്നും യുഎസിലേക്കുള്ള കയറ്റുമതി 50 ശതമാനം വരെ കുറയുമെന്നുമാണ് കരുതുന്നത്. തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, പാദരക്ഷകള്‍, കായിക ഉത്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, രാസവസ്തുക്കള്‍ എന്നിവയുടെ വിലയുടെ പകുതി അധിക നികുതിയായി അടക്കേണ്ടി വരും. ഇന്ത്യൻ ടെക്സ്റ്റൈൽ, വസ്ത്ര കയറ്റുമതിരംഗത്തിന് തിരിച്ചടിയായ നടപടി കേരളത്തിന്റേത് ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയെ സാരമായി ബാധിക്കുന്നു.
ഇന്ത്യയും അമേരിക്കയും തമ്മില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11.54 ലക്ഷം കോടിരൂപയുടെ വ്യാപാരം നടന്നതായാണ് റിപ്പോര്‍ട്ട് . 9,120 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ 2024 ൽ ഇന്ത്യ യുഎസിലേക്ക് കയറ്റുമതി ചെയ്തിരുന്നു . ഇവയിൽ ഭൂരിഭാഗവും 3 ശതമാനത്തില്‍ താഴെ താരിഫ് വിഭാഗത്തിലായിരുന്നു . 6,020 കോടി ഡോളർ മൂല്യമുള്ള ഈ കയറ്റുമതിയുടെ ഭൂരിഭാഗവും 50 ശതമാനം തീരുവയ്ക്ക് വിധേയമാകുന്ന അവസ്ഥയാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. റെഡിമെയ്ഡ് വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, ആഭരണങ്ങൾ, ചെമ്മീൻ, പരവതാനികൾ, ഫർണിച്ചറുകൾ തുടങ്ങിയ തൊഴിൽ മേഖലകളെ താരിഫ് വര്‍ധന രൂക്ഷമായി ബാധിക്കും. വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് ഈ മേഖലയില്‍ നേരിടേണ്ടി വരിക.
2 ബില്യൺ ഡോളർ മൂല്യമുള്ള സമുദ്രവിഭവങ്ങൾ ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇന്ത്യയുടെ സമുദ്രവിഭവ കയറ്റുമതിയിൽ ഏകദേശം മൂന്നിൽ ഒന്ന് (32.4%) അമേരിക്കയിലേക്കാണ് . സാധാരണ തീരുവ 8.56% ആയിരുന്നത് ഇപ്പോൾ 58.56% ആയി ഉയർന്നത് ഈ മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്.
ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഓർഗാനിക് കെമിക്കൽ കയറ്റുമതി 3 ബില്യൺ ഡോളർ മൂല്യമുള്ളതാണ്. ഇത് അമേരിക്ക ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിൽ 3.1% ആണ്. ഇന്ത്യയുടെ ആകെ ഓർഗാനിക് കെമിക്കൽ കയറ്റുമതിയിൽ 13.2% അമേരിക്കയിലേക്കാണ് . തീരുവ 4% ആയിരുന്നത് 54% ആയി ഉയർന്നത് കയറ്റുമതിക്കാർക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്.
തുകല്‍, കൊഞ്ച്, സെറാമിക്‌സ്, രാസവസ്തുക്കള്‍, കരകൗശല-കാര്‍പറ്റ് ഉല്‍പന്നങ്ങള്‍ തുടങ്ങി തൊഴിലാളികള്‍ കൂടുതല്‍ ആവശ്യമായ മേഖലകള്‍ നിലവിലെ സ്ഥിതിയിൽ തൊഴിലാളികളെ പിരിച്ചുവിടാതെ പിടിച്ചു നില്‍ക്കാനാവാത്ത അവസ്ഥ നേരിടുകയാണ്.