വ്യാപാര കരാർ ചർച്ചകൾ നടക്കുമ്പോൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിൽ വിശ്വാസം അർപ്പിക്കാൻ യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക് ഇന്ത്യയോടു നിർദേശിച്ചു. ഇന്ത്യയുടെ ആവശ്യങ്ങൾ ട്രംപ് സംരക്ഷിക്കുമെന്നു യുഎസ് സംഘത്തെ നയിക്കുന്ന അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യയുമായുള്ള കരാർ ആസന്നമാണെന്നു ട്രംപിന്റെ വിശ്വസ്തൻ കൂടിയായ അദ്ദേഹം പറഞ്ഞു. "പ്രസിഡന്റ് അമേരിക്കയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നത്, പക്ഷെ അമേരിക്കയ്ക്കു മാത്രമല്ല," യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ് ഫോറത്തിന്റെ വാർഷിക ഉച്ചകോടിയിൽ സംസാരിക്കവെ ലുട്നിക് പറഞ്ഞു.
"അമേരിക്ക വലുതായിരിക്കണം, കരുത്തുറ്റതായിരിക്കണം. അതാണ് ട്രംപ് ആദ്യം ശ്രദ്ധ വയ്ക്കുന്ന കാര്യം. പിന്നീട് അദ്ദേഹം സഖ്യരാജ്യങ്ങളിൽ ശ്രദ്ധ വയ്ക്കും. ഇന്ത്യയെ അദ്ദേഹം അഗാധമായി, അഗാധമായി ആദരിക്കുന്നു. നമുക്കു തമ്മിൽ മഹത്തായ, മഹത്തായ ബന്ധമാണ് ഉണ്ടാവുക."
ഇന്ത്യ എല്ലാ ഇറക്കുമതിക്കും ഭീമമായ തീരുവ ചുമത്തുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. "കാരണം എനിക്കറിയില്ല. അത് ന്യായമായ തലത്തിലേക്കു കുറച്ചു കൊണ്ടുവരണം. അപ്പോൾ നമുക്കു വലിയ വ്യാപാര സഖ്യമുണ്ടാക്കാം.
"വിപണിയിൽ വിജയം നേടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇന്ത്യൻ വിപണിയിൽ യുഎസ് ബിസിനസുകൾക്കു ന്യായമായ പ്രവേശം ലഭിക്കണം. എല്ലാ ഉത്പന്നങ്ങൾക്കുമല്ല, എല്ലായിടത്തുമല്ല. പക്ഷെ നമുക്ക് വ്യാപാര കമ്മി കുറയ്ക്കാൻ കഴിയണം. പകരം ഇന്ത്യ ചില നിർണായക വിപണികളിൽ പ്രവേശിക്കാനുള്ള സൗകര്യം ആവശ്യപ്പെടും. അതാണ് ധാരണയാവാൻ പോകുന്നത്.
"ആ കരാർ ഏറെ വൈകില്ല. കാരണം, ഇരു രാജ്യങ്ങൾക്കും മെച്ചം കിട്ടുന്ന തലത്തിലേക്കു ചർച്ചകൾ നീങ്ങിക്കഴിഞ്ഞു."