കെന്നഡിയുടെ വി പി സ്ഥാനാർഥിയാവാനുള്ള ക്ഷണം തുൾസി ഗബ്ബാർഡ് നിരസിച്ചു

New Update
uytyhghggy

വാഷിംഗ്ടൺ: വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ സ്വതന്ത്ര പ്രസിഡന്റ് സ്ഥാനാർഥി റോബർട്ട് കെന്നഡി ജൂനിയർ തന്നെ സമീപിച്ചിരുന്നുവെന്നു ഡെമോക്രാറ്റിക് മുൻ കോൺഗ്രസ് അംഗം തുൾസി ഗബ്ബാർഡ് വെളിപ്പെടുത്തുന്നു. എന്തു കൊണ്ടാണ് അതു നിരസിച്ചതെന്നു  2022ൽ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ മത്സരിച്ചു പരാജയപ്പെട്ട ശേഷം ഡെമോക്രാറ്റിക് പാർട്ടി വിട്ട ഗബ്ബാർഡ് (42) വിശദീകരിച്ചില്ല. 

Advertisment

"ഞാൻ കെന്നഡിയെ പലതവണ കണ്ടിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളുമായി," അവർ എ ബി സി ന്യൂസിൽ പറഞ്ഞു. "വി പി സ്ഥാനാർഥി ആവാമോ എന്നു അദ്ദേഹം ചോദിച്ചു. നല്ലവണ്ണം ആലോചിച്ച ശേഷം ഞാൻ അത് ആദരപൂർവം നിഷേധിച്ചു." 

രാഷ്ട്രീയത്തിൽ ഏറെയൊന്നും അറിയപ്പെടാത്ത സിലിക്കൺ വാലി അഭിഭാഷക നിക്കോൾ ഷനാഹാനെയാണ് (38) കെന്നഡി ഒടുവിൽ തിരഞ്ഞെടുത്തത്. ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിന്നിന്റെ ഭാര്യ ആയിരുന്നു ഷനാഹാൻ. ബ്ലൂംബെർഗ് ബില്യണയർ ഇന്ഡക്സിൽ പത്താം സ്ഥാനമുണ്ട് ബ്രിന്നിന്. 

എഴുപതുകാരനായ കെന്നഡി ഡെമോക്രാറ്റിക് നോമിനേഷനു മത്സരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ നിലവിലെ പ്രസിഡന്റ് ബൈഡനെ തോൽപ്പിച്ച് അതു നേടാൻ കഴിയില്ലെന്നു കണ്ടപ്പോൾ അദ്ദേഹം പാർട്ടി വിട്ടു സ്വതന്ത്രനായി. കെന്നഡി കുടുംബം അദ്ദേഹത്തെ പിന്തുണയ്ക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. 

കെന്നഡിയെ പോലെ പാർട്ടിയെ വിമർശിക്കുന്ന ഗബ്ബാർഡുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നുവെന്നു അദ്ദേഹത്തോട് അടുപ്പമുള്ളവർ പറഞ്ഞു. 

ഡൊണാൾഡ് ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാവാൻ തയാറാണെന്നു ഗബ്ബാർഡ് അടുത്തിടെ പറഞ്ഞിരുന്നു. 

“For Love of Country: Leave the Democrat Party Behind” എന്ന ഗബ്ബാർഡിന്റെ പുസ്തകം താമസിയാതെ പുറത്തു വരും. പാർട്ടിയിലെ യുദ്ധക്കൊതിയന്മാർ കാരണമാണ് താൻ പിരിയുന്നതെന്നു ഹവായിൽ നിന്നു കോൺഗ്രസ് അംഗമായിരുന്ന അവർ പറഞ്ഞിട്ടുണ്ട്. 

കെന്നഡിക്കു സർവേകളിൽ കാണുന്ന ജനപിന്തുണ ട്രംപിനെയും ബൈഡനെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. റിയൽക്ലിയർപൊളിറ്റിക്സ് ശരാശരി അനുസരിച്ചു അദ്ദേഹം 12.3% പിന്തുണ നേടുന്നുണ്ട്. മറ്റു രണ്ടു സ്ഥാനാർഥികളിൽ ആരുടെ വോട്ടാണ് അദ്ദേഹം വലിച്ചെടുക്കുക എന്നു വ്യക്തമല്ല. 15% എത്തിയാൽ അദ്ദേഹത്തിന് ഡിബേറ്റ് വേദിയിൽ ഇടം കിട്ടും. എല്ലാ സംസ്ഥാനങ്ങളിലും ബാലറ്റിൽ എത്തുക എന്ന ലക്‌ഷ്യം സാധിക്കാനുമുണ്ട്. 

Tulsi Gabbard