/sathyam/media/media_files/2025/08/25/hgv-2025-08-25-03-28-55.jpg)
ഇന്ത്യൻ വംശജനായ ഹർജിന്ദർ സിംഗ് ഓടിച്ചിരുന്ന ട്രക്ക് അപകടത്തിൽ ഒരു മിനിവാനിന്റെ മേൽ ഇടിച്ചു മൂന്നു പേർ മരിച്ചതിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നത് അപലപനീയമാണെന്നു യുണൈറ്റഡ് സിഖ്‌സ് എന്ന അഡ്വക്കസി ഗ്രൂപ് ചൂണ്ടിക്കാട്ടി. മരിച്ചവരുടെ കുടുംബങ്ങളെ അവർ അനുശോചനം അറിയിച്ചു.
സിംഗ് അനധികൃത കുടിയേറ്റക്കാരൻ ആണെന്നും അദ്ദേഹത്തിനു ലൈസൻസ് നൽകിയത് കാലിഫോർണിയയിലെ ഡെമോക്രാറ്റിക് ഭരണകൂടം ആണെന്നും ആരോപിച്ചു രാഷ്ട്രീയ മുതലെടുപ്പിനു ഫ്ലോറിഡ ഭരിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി ശ്രമിക്കുന്നു എന്നാണ് ആരോപണം.
യുണൈറ്റഡ് സിഖ്‌സ് പ്രസ്താവനയിൽ പറഞ്ഞു: "മരിച്ചവരുടെ കുടുംബങ്ങൾ അനുഭവിക്കുന്ന വേദന ഞങ്ങൾ പങ്കിടുന്നു. പക്ഷെ കുടിയേറ്റ സമൂഹങ്ങളെയും വിശ്വാസികളായ ഒരു സമുദായത്തെയും കരിതേക്കാൻ ഈ അപകടം ആയുധമാക്കുന്നത് അനീതിയും ഉത്തരവാദിത്തം ഇല്ലായ്മയുമാണ്.
"സിംഗിന്റെ ഭാഗത്തു നിന്നു ഗുരുതരമായ വീഴ്ച്ച ഉണ്ടായെന്നു സമ്മതിക്കാം. എന്നാൽ റെഡ്, ബ്ലൂ സ്റ്റേറ്റുകൾ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിന് ഇതൊരു ആയുധമാക്കുന്നതും കുടിയേറ്റ വിരുദ്ധ പ്രചാരണത്തിന് അത് ഉപയോഗിക്കുന്നതും അനീതി തന്നെയാണ്."
സിംഗിന്റെ വിശ്വാസം അനുശാസിക്കുന്ന തലപ്പാവ് ഇല്ലാതെ അദ്ദേഹത്തെ പരസ്യമായി പ്രദർശിപ്പിച്ചതിൽ സംഘടന പ്രതിഷേധിച്ചു. "സിഖുകാർക്കു വിശ്വാസത്തിന്റെ പരിപാവനമായ ഭാഗമാണ് തലപ്പാവ്, അത് നീക്കം ചെയ്യുന്നത് വ്യക്തിയുടെ അന്തസും മത സ്വാതന്ത്ര്യവും നിഷേധിക്കുന്നതിനു തുല്യമാണ്."