ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നതോടെ ഇമിഗ്രെഷൻ നയങ്ങളിൽ വരാവുന്ന മാറ്റങ്ങളിൽ വിദേശ വിദ്യാർഥികളും അധ്യാപകരുമുള്ള യൂണിവേഴ്സിറ്റികൾക്കു ആശങ്കയെന്നു റിപ്പോർട്ട്. അവരുടെ സന്ദേശങ്ങളിൽ അതു വ്യക്തമാകുന്നുവെന്നു ബി ബി സി ചൂണ്ടിക്കാട്ടി. ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട നാടുകടത്തലാണ് ട്രംപ് പ്രഖ്യാപിച്ചട്ടുള്ളത്. അതിനു സൈന്യത്തെ ഉപയോഗിക്കും എന്നു വരെ അദ്ദേഹം പറയുന്നു.
രാജ്യത്തു കുട്ടികളായി എത്തിയ അഞ്ചു ലക്ഷത്തോളം പേരെ സംരക്ഷിക്കുന്ന ഡാക്ക പരിപാടി റദ്ദാക്കുമെന്നപ്രഖ്യാപനവും ആശങ്കയായി.വിന്റർ ഒഴിവിനു നാട്ടിൽ പോയവർ ട്രംപ് സ്ഥാനമേൽക്കുന്ന ജനുവരി 20നു മുൻപ് ക്യാമ്പസിൽ തിരിച്ചെത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നതാണ് നല്ലതെന്നു കാട്ടി യൂണിവേഴ്സിറ്റി ഓഫ് മാസച്യുസെറ്റ്സ് നവംബർ 5നു തന്നെ അഡ്വൈസറി അയച്ചു.
നേരത്തെ എത്തണമെന്നു വിദ്യാർഥികളോട് വെസ്‌ലിയാൻ യൂണിവേഴ്‌സിറ്റിയും മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും നിർദേശിച്ചു. പുതിയ ഭരണത്തിൽ ഉണ്ടാകാവുന്ന നയമാറ്റങ്ങളെ കുറിച്ച് യേൽ യൂണിവേഴ്സിറ്റി വെബ്ബിനാർ നടത്തി. വിദ്യാർഥികൾ ഗൗരവമായ സംഘർഷത്തിലാണെന്നു പല അധ്യാപകരും പറയുന്നുണ്ട്.
വിസ തുടർന്നു കിട്ടുമോ, പഠനം തുടരാൻ കഴിയുമോ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ അവർക്കു ആശങ്കയാണ്.യുഎസ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏതാണ്ട് 408,000 വിദേശ വിദ്യാർഥികൾ ഉണ്ടെന്നാണ് ഹൈ എഡ് ഇമ്മിഗ്രെഷൻ പോർട്ടൽ നൽകുന്ന കണക്ക്.