യു.എസിൽ കൃഷിക്ക് മൂത്രം വളമാക്കുന്ന രീതിക്ക് പ്രചാരമേറുന്നു

New Update
Hvhjvf

കൃഷി ചെയ്യുമ്പോള്‍ മൂത്രം വളമായി ഉപയോഗിക്കുന്ന രീതി അപൂര്‍വമായെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നു. കാലക്രമേണ അന്യംനിന്നു പോയ ഈ രീതി ഇപ്പോഴും തുടരുന്ന സ്ഥലമാണ് യു.എസ് സ്റ്റേറ്റായ വെര്‍മോണ്ട്.

Advertisment

ഇപ്പോള്‍, യു.എസില്‍ മാത്രമല്ല, ഫ്രാന്‍സിലും സ്വീഡനിലും ദക്ഷിണാഫ്രിക്കയിലും നേപ്പാളിലും നൈജറിലും ഇത്തരത്തില്‍ മൂത്രം വളമായി പ്രയോഗിക്കുന്ന രീതി തുടങ്ങിയിട്ടുണ്ട്. പുരാതന റോമിലും ചൈനയിലും കൃഷിക്ക് വളമായി മൂത്രം ഉപയോഗിച്ചിരുന്നെന്ന് ചരിത്രം പറയുന്നു.

സസ്യങ്ങളുടെ വളര്‍ച്ചയുടെ പ്രത്യേക ഘട്ടത്തിലാണ് മൂത്രം വളമായി പ്രയോഗിക്കുന്നത്. ചെടിക്ക് പോഷകങ്ങള്‍ ഏറ്റവും കൂടുതല്‍ ആഗിരണം ചെയ്യാന്‍ കഴിയുന്ന വളര്‍ച്ചാ ഘട്ടത്തിലാണ് മൂത്രം സ്പ്രേ ചെയ്യുക. മണ്ണിലെ ഈര്‍പ്പവും കൃത്യമായി പരിശോധിക്കും.

കഴിഞ്ഞ 12 വര്‍ഷമായി വെര്‍മോണ്ടിലെ കര്‍ഷകര്‍ മൂത്രം പ്രയോഗിക്കുന്നുണ്ട്. മൂത്രത്തിലൂടെ ഒരുപാട് പോഷകഘടകങ്ങളും പുറന്തള്ളുന്നുണ്ടെന്നും ഇത് കൃഷിക്ക് നല്ലതാണെന്നുമാണ് ഇവരുടെ വാദം. മൂത്രത്തില്‍ അടങ്ങിയിരിക്കുന്ന നൈട്രജനും ഫോസ്ഫറസുമാണ് വളത്തിന്‍റെ ഗുണം നല്‍കുന്നത്. സിന്തറ്റിക് വളങ്ങളിലും ഉപയോഗിക്കുന്നത് ഇതേ ഘടകങ്ങളാണ്. സിന്തറ്റിക് വളങ്ങള്‍ക്കായി നൈട്രജനും ഫോസ്ഫറസും ഉല്‍പ്പാദിപ്പിക്കുന്നത് ചെലവേറിയതും വിഷപദാര്‍ഥങ്ങള്‍ പുറന്തള്ളുന്നതുമായ പ്രവര്‍ത്തനമാണെന്നും, അതിനാല്‍ ഇതിന് പകരമായി മൂത്രം ഉപയോഗിക്കുന്നത് പരിസ്ഥിതി സൗഹൃദമാണെന്നും കര്‍ഷകര്‍.

സാധാരണ സിന്തറ്റിക് വളത്തിന് പകരം മൂത്രം ഉപയോഗിക്കുന്നത് ഹരിതഗൃഹ വാതക പുറന്തള്ളല്‍ കുറയ്ക്കുന്നുവെന്ന് ഗവേഷകരും പറയുന്നു. മൂത്രം കൃഷിക്കായി ശേഖരിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് ടോയ്ലെറ്റ് ഫ്ലഷ് ചെയ്യേണ്ടിവരുന്നില്ല. ഇതുവഴി 2012 മുതല്‍ 10.2 ദശലക്ഷം ലിറ്റര്‍ വെള്ളത്തിന്‍റെ ഉപയോഗം കുറക്കാനായെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മൂത്രം കൃഷിക്ക് ഉപയോഗിക്കുന്നതിലൂടെ ഒരുപാട് പരിസ്ഥിതി നേട്ടങ്ങളുണ്ടെന്ന് റിച്ച് എര്‍ത്ത് ഇന്‍സ്ററിറ്റ്യൂട്ട് ഡയറക്ടര്‍ ജമിന പുഷ്പാക് പറയുന്നു.