ടൊറന്റോ: സുരക്ഷാ പരിശോധനകള്‍ക്കിടെ വിമാന യാത്രക്കാര്‍ ഷൂസ് ഊരിവെക്കണമെന്ന നിബന്ധന അമേരിക്ക നിര്‍ത്തലാക്കിയതോടെ, കാനഡയുടെ വിമാന സുരക്ഷാ ചട്ടങ്ങളും യുഎസിന്റേതിന് അനുസൃതമായി മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത്തിനായി ഉദ്യോഗസ്ഥര്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തിയതിനാല്‍, അമേരിക്കന്‍ വിമാനത്താവളങ്ങളിലെ യാത്രക്കാര്‍ ഇനി ഷൂസ് ഊരിവെക്കേണ്ടതില്ലെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമെന്ന് തോന്നുന്നില്ലെങ്കില്‍, കാനഡയില്‍ ആഭ്യന്തര അല്ലെങ്കില്‍ യുഎസ് ഒഴികെയുള്ള മറ്റു സ്ഥലങ്ങളിലേക്ക് യാത്രചെയ്യുമ്പോള്‍ യാത്രക്കാര്‍ സ്‌ക്രീനിങ്ങിനായി ഷൂസ് അഴിക്കേണ്ടതില്ല. എന്നാല്‍ കനേഡിയന്‍ വിമാനത്താവളങ്ങളിലെ പ്രീ-ക്ലിയറന്‍സ് വിഭാഗങ്ങള്‍ വഴി യുഎസിലേക്ക് പറക്കുന്നവര്‍ ഷൂസ് ഊരിവെക്കണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
2001-ല്‍ 'ഷൂ ബോംബര്‍' എന്നറിയപ്പെട്ട റിച്ചാര്‍ഡ് റീഡിനെ പാദരക്ഷകളില്‍ സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ച് ആക്രമണത്തിന് ശ്രമിച്ചതിന് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന്, 2006 മുതലാണ് അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ സ്‌ക്രീനിങിനായി ഷൂസ് അഴിച്ചുമാറ്റണമെന്ന് നിര്‍ബന്ധമാക്കിയത്.