/sathyam/media/media_files/2025/08/27/gggg-2025-08-27-03-38-56.jpg)
ഇന്ത്യയിൽ നിന്നു യുഎസിൽ എത്തുന്ന ഉത്പന്നങ്ങൾക്കു 25% തീരുവയ്ക്കു പുറമെ റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ ശിക്ഷയായി 25% അധിക തീരുവ കൂടി ബുധനാഴ്ച നിലവിൽ വരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന വിജ്ഞാപനം ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പ്രസിദ്ധീകരിച്ചു.
റഷ്യൻ എണ്ണയുമായി നേരിട്ടോ പരോക്ഷമായോ ബന്ധപ്പെട്ട എല്ലാ ഇന്ത്യൻ ഉത്പന്നങ്ങൾക്കും അധിക തീരുവ ബാധകമാണെന്നു വിജ്ഞാപനത്തിൽ പറയുന്നു.
ഓഗസ്റ്റ് 6നു പ്രസിഡന്റ് ട്രംപ് ഇതിനുള്ള എക്സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിച്ചിരുന്നു.
യുക്രൈൻ യുദ്ധത്തിനു റഷ്യ ചെലഴിക്കുന്ന പണം എണ്ണ വില്പനയിൽ നിന്നാണ് വരുന്നതെന്നു ട്രംപ് വാദിക്കുന്നു. അതിനു സഹായം നൽകുന്നു എന്നതാണ് ഇന്ത്യയുടെ മേൽ ചുമത്തുന്ന കുറ്റം.
ഇരുമ്പ്, ഉരുക്ക്, അലുമിനിയം ഉത്പന്നങ്ങൾക്കു അധിക തീരുവ ബാധകമല്ല. സെഡാൻ കാറുകൾ, എസ് യു വികൾ, മിനിവാനുകൾ, കാർഗോ വാനുകൾ, ലൈറ്റ് ട്രക്കുകൾ, സെമി-ഫിനിഷ്ഡ് കോപ്പർ ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്കും 25% മാത്രമേയുള്ളൂ.
ട്രംപിനോടു സംസാരിക്കാതെ മോദി
സമീപ വാരങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിക്കാൻ ട്രംപ് നാലു ശ്രമങ്ങളെങ്കിലും നടത്തിയെന്നും എന്നാൽ മോദി തയാറായില്ലെന്നും ചില ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫ്രാങ്ക്ഫർട്ടർ ആൽഗെമീൻ എന്ന പത്രം പറയുന്നത് മോദിയുടെ രോഷം മാത്രമല്ല, മുൻകരുതലും കൂടിയാണ് അതെന്നാണ്.