/sathyam/media/media_files/2025/08/15/hvcfcc-2025-08-15-03-15-44.jpg)
പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിന വാർഷികത്തിൽ ആശംസ അറിയിച്ചു യുഎസ് സെക്രട്ടറി ഓഫ് സ്റേറ് മാർക്കോ റുബിയോ. ഭീകരതയ്ക്ക് എതിരായ പോരാട്ടത്തിലും വ്യാപാരത്തിലും പാക്കിസ്ഥാനുമായുള്ള ബന്ധം യുഎസ് 'അഗാധമായി ആദരിക്കുന്നു' എന്നദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
യുഎസ് മണ്ണിൽ നിന്ന് പാക്ക് സേനാധിപൻ ഇന്ത്യക്കും ലോകത്തിനും എതിരെ ആണവ യുദ്ധ ഭീഷണി ഉയർത്തിയതിനു തൊട്ടു പിന്നാലെയാണ് ഈ ആദരം അർപ്പിക്കുന്ന സന്ദേശം.
"യുഎസിന്റെ പേരിൽ പാക്ക് ജനതയ്ക്കു ഊഷ്മളമായ അഭിനന്ദനം," റുബിയോ പറഞ്ഞു.
ഭീകരർ എന്നു യുഎസ് പ്രഖ്യാപിച്ച റെസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടനയുടെ അംഗങ്ങൾ ജമ്മു-കശ്മീരിലെ പഹൽഗാമിൽ നടത്തിയ ആക്രമണത്തെ ലോകം ഒന്നടങ്കം അപലപിച്ചതാണ്.
യുഎസ്, പാക്ക് ജനസമൂഹങ്ങൾക്കു സമ്പൽ സമൃദ്ധമായ ഭാവി ഉണ്ടാവുമെന്നും റുബിയോ പ്രത്യാശ പ്രകടിപ്പിച്ചു.
ഇസ്ലാമാബാദിനെതിരെ കലാപം കത്തിയാളുന്ന ബലൂചിസ്ഥാനിൽ എണ്ണയും ധാതുക്കളും അന്വേഷിച്ചു എത്താൻ ധാരണയായ യുഎസ് അവിടെ നേരിടാൻ പോകുന്ന എതിർപ്പിന്റെ സൂചന കലാപനേതാവ് മിർ യാർ ബലോച് നൽകിക്കഴിഞ്ഞു. ബലൂചിസ്ഥാൻ പ്രാചീനമായ സ്വതന്ത്ര രാഷ്ട്രമാണെന്നും പാക്കിസ്ഥാൻ അവിടെ ബലമായി അധിനിവേശം നടത്തിയിരിക്കയാണെന്നും യുഎസിനെ അദ്ദേഹം ഓര്മിപ്പിക്കുന്നു.
ചൈനയ്ക്കു ലോക വിപണിയിൽ ധാതുക്കളിലുളള മുൻതുക്കം കുറയ്ക്കാനാണ് ബലൂചിസ്ഥാനിൽ വികസനത്തിന് യുഎസ് ലക്ഷ്യമിടുന്നത്. യുഎസ് കമ്പനികൾ എത്തിയാൽ കലാപകാരികളുടെ എതിർപ്പിനു മൂർച്ച കുറയുമെന്നു പാക്കിസ്ഥാൻ കണക്കു കൂട്ടുന്നുമുണ്ട്.