/sathyam/media/media_files/2025/10/01/rcc-2025-10-01-06-55-52.jpg)
വാഷിങ്ടൺ: എച്ച്1ബി വീസയുടെ ഫീസ്, വർഷം ഒരു ലക്ഷം ഡോളറാക്കി (ഏകദേശം 88 ലക്ഷം രൂപ) വർധിപ്പിച്ച നടപടിക്രമങ്ങളിൽ കാര്യമായ മാറ്റം വരുമെന്ന സൂചന നൽകി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്. ടെക് കൺസൾട്ടന്റുമാരെ കുറഞ്ഞ ചെലവിൽ യുഎസിൽ പ്രവേശിപ്പിക്കാനും അവരുടെ കുടുംബങ്ങളെ കൊണ്ടുവരാനും അനുവദിക്കുന്ന നിലവിലെ വീസ നടപടിക്രമം തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇപ്പോഴത്തേതിൽനിന്ന് കാര്യമായ നിരവധി മാറ്റങ്ങൾ 2026 ഫെബ്രുവരിയിൽ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നു ലുട്‌നിക് യുഎസ് മാധ്യമത്തോട് പറഞ്ഞു. ഫെബ്രുവരിയിലാണ് എച്ച്1ബി വീസയുടെ അടുത്ത ഓൺലൈൻ നറുക്കെടുപ്പ്. സെപ്റ്റംബർ 21 മുതൽ അപേക്ഷിച്ച് ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവരായിരി ക്കും പുതിയ ഫീ ആദ്യം അടയ്ക്കേണ്ടത്. 2025ലെ ലോട്ടറിയുടെ ഭാഗമായിരുന്നവർ ഫീ നൽകേണ്ട. എച്ച്1ബി വീസ ഫീസ് വർധിപ്പിച്ച പ്രഖ്യാപനത്തിൽ ട്രംപ് ഒപ്പുവച്ചപ്പോൾ അദ്ദേഹത്തോടൊപ്പം ലുട്‌നിക്കും ഉണ്ടായിരുന്നു. വീസയ്ക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയാൽ ആളുകളുടെ ആധിക്യം ഉണ്ടാകില്ലെന്നും ലുട്നിക്ക് പറഞ്ഞു.
സെപ്റ്റംബർ 20നാണ് ട്രംപ് വീസ ഫീസ് കൂട്ടിയ വിജ്ഞാപനത്തിൽ ഒപ്പിട്ടത്. പുതിയ വീസ അപേക്ഷകൾക്കാണ് ഇതു ബാധകമാകുക. നിലവിലെ വീസ പുതുക്കുമ്പോൾ വർധനയുണ്ടാകില്ല. നിലവിൽ രണ്ടര മുതൽ 5 ലക്ഷം രൂപയായിരുന്ന ഫീയാണു കുത്തനെ ഉയർത്തിയത്. യുഎസിൽ നിലവിലുള്ള എച്ച്1ബി വീസക്കാരിൽ 71% ഇന്ത്യക്കാരാണ്