വാഷിങ്ടന്‍: യുക്രെയ്നു നല്‍കിവരുന്ന സൈനികസഹായം യുഎസ് വെട്ടിക്കുറച്ചു. സൈനികച്ചെലവ്, വിദേശരാജ്യങ്ങള്‍ക്ക് നല്‍കുന്ന സഹായം എന്നിവയുമായി ബന്ധപ്പെട്ട വിലയിരുത്തല്‍ യോഗത്തിനുശേഷമാണ് തീരുമാനം. ഇതു പ്രകാരം വ്യോമ പ്രതിരോധ മിസൈലുകളടക്കം നല്‍കുന്നത് കുറച്ചു.
മാസങ്ങളായി പരിഗണനയിലുള്ള വിഷയത്തിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. യുക്രെയ്ന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സ്കിയോട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുള്ള താത്പര്യക്കുറവും ഇതില്‍ നിര്‍ണായകമായെന്നാണ് വിലയിരുത്തല്‍. വെടിനിര്‍ത്തലിനുവേണ്ടി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് യുക്രെയ്നിനുള്ള ആയുധ സഹായവും യുഎസ് വെട്ടിക്കുറച്ചത്.
മറ്റു രാജ്യങ്ങള്‍ക്കുള്ള സഹായത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോയെന്നതില്‍ വ്യക്തതയില്ല. യുക്രെയ്നുള്ള സഹായം വെട്ടിക്കുറച്ച യുഎസ് തീരുമാനത്തെ റഷ്യ സ്വാഗതം ചെയ്തിട്ടുണ്ട്. യുഎസിന്റെ പക്കല്‍ വേണ്ടത്ര ആയുധങ്ങളില്ലാത്തതിനാലാണ് തീരുമാനമെന്നും റഷ്യ പരിഹസിച്ചു. എത്രത്തോളം കുറവ് ആയുധങ്ങള്‍ യുക്രെയ്ന് നല്‍കുന്നുവോ അത്രത്തോളം വേഗത്തില്‍ പ്രത്യേക സൈനിക നടപടിയും അവസാനിക്കുമെന്ന് ക്രെംലിന്‍.
അതിനിടെ, കിഴക്കന്‍ യുക്രെയ്നിലെ തന്ത്രപ്രധാനമായ 2 പട്ടണങ്ങള്‍ കൂടി റഷ്യ പിടിച്ചെടുത്തിട്ടുണ്ട്. യുക്രെയ്ന്‍ സേനയുടെ ചരക്കുനീക്കപാതയിലെ സുപ്രധാനമായ പ്രദേശങ്ങളാണിത്. ഡോണെറ്റ്സ്ക് പ്രവിശ്യയുടെ ശേഷിക്കുന്ന ഭാഗങ്ങള്‍ കൂടി പിടിക്കാന്‍ ഒരുലക്ഷത്തിലേറെ റഷ്യന്‍ സൈനികര്‍ മുന്നേറ്റം ശക്തമാക്കിയിട്ടുണ്ട്.