കൊളംബിയ യൂണിവേഴ്സിറ്റിയുടെ അക്രെഡിറ്റേഷൻ റദ്ദാക്കണമെന്നു യുഎസ് വിദ്യാഭ്യാസ വകുപ്പ്

New Update
Bcghvh

യഹൂദ വിദ്വേഷം നിയന്ത്രിക്കാൻ നടപടി എടുക്കാത്തതിനാൽ കൊളംബിയ യൂണിവേഴ്സിറ്റിയുടെ അക്രെഡിറ്റേഷൻ റദ്ദാക്കണമെന്നു യുഎസ് വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തു. കരുതിക്കൂട്ടിയാണ് യൂണിവേഴ്സിറ്റി നടപടി എടുക്കാത്തതെന്നു മിഡിൽ സ്റ്റേറ്റ്സ് കമ്മിഷൻ ഓൺ ഹയർ എജ്യൂക്കേഷനു (എം എസ് സി എച് ഇ) അയച്ച കത്തിൽ വിദ്യാഭ്യാസ വകുപ്പ് പറയുന്നു.

Advertisment

എം എസ് സി എച് ഇ ആണ് കൊളംബിയ ഉൾപ്പെടെയുള്ള യൂണിവേഴ്സിറ്റികളുടെ അക്രെഡിറ്റേഷൻ നിയന്ത്രിക്കുന്നത്. മോർണിംഗ്‌സൈഡ് ഹൈറ്റ്സ് ക്യാമ്പസിൽ യഹൂദ വിദ്വേഷം അഴിഞ്ഞാടുകയാണെന്നു കത്തിൽ ആരോപിക്കുന്നു.

"ഇസ്രയേലിനെതിരെ 2023 ഒക്ടോബർ 7നു നടന്ന ആക്രമണത്തിനു ശേഷം ക്യാമ്പസിൽ യഹൂദ വിദ്യാർഥികൾക്കു നേരെ ഉണ്ടായ അതിക്രമങ്ങൾ കൊളംബിയ യൂണിവേഴ്സിറ്റി കരുതിക്കൂട്ടി അവഗണിച്ചു," എജ്യൂക്കേഷൻ സെക്രട്ടറി ലിൻഡ മക്മഹോൺ കത്തിൽ പറയുന്നു. "ഒരു യൂണിവേഴ്സിറ്റി നിശ്ചിത സമയത്തിനുള്ളിൽ നടപടി എടുത്തില്ലെങ്കിൽ അക്രെഡിറ്റേഷൻ നൽകുന്ന അധികൃതർ അവർക്കെതിരെ നടപടി എടുക്കേണ്ടതാണ്."

യഹൂദ വിരുദ്ധ പ്രകടനങ്ങൾ ക്യാമ്പസിൽ പതിവായിരുന്നുവെന്നു കത്തിൽ പറയുന്നു. അത് 1964ലെ സിവിൽ റൈറ്സ് നിയമത്തിന്റെ ടൈറ്റിൽ വി ഐ ലംഘനമാണ്.

കഴിഞ്ഞ വർഷം ക്യാമ്പസ് ലോണിൽ തമ്പടിച്ചു പ്രകടനം നടത്തിയവർ ഹാമിൽട്ടൺ ഹോൾ കെട്ടിടത്തിൽ അനധികൃതമായി ബാരിക്കേഡ് നിർമിച്ചു കൈയ്യേറ്റം നടത്തി. കഴിഞ്ഞ മാസം ഗ്രാജുവേഷൻ ചടങ്ങിനിടയിലും പ്രകടനങ്ങൾ തുടർന്നു. ഡിപ്ലോമ വലിച്ചു കീറി കളയുന്ന സംഭവം വരെ അവിടെ ഉണ്ടായി.

നിയമം അനുസരിച്ചുള്ള തുല്യാവസരങ്ങൾ വിദ്യാർഥികൾക്ക് നിഷേധിക്കപ്പെടുന്നതു വരെ കാര്യങ്ങൾ എത്തിയെന്നു കത്തിൽ ചൂണ്ടിക്കാട്ടി.

കമ്മിഷൻ യൂണിവേഴ്സിറ്റിയെ ഇക്കാര്യങ്ങൾ അറിയിച്ചു നിയമലംഘനം ചൂണ്ടിക്കാട്ടണമെന്നു വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നു. അനുസരിപ്പിക്കാനുള്ള നടപടികൾ ഉണ്ടാവണം.

കത്ത് കിട്ടിയെന്നു കമ്മീഷൻ അറിയിച്ചു. എന്നാൽ നടപടികളെ കുറിച്ച് ഒന്നും പറഞ്ഞില്ല. ആരോപണങ്ങളെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ഒരു മാസം നീണ്ട അന്വേഷണം നടത്തിയിരുന്നു. യഹൂദ വിദ്യാർഥികൾക്ക് സംരക്ഷണം നൽകുന്നില്ല എന്ന ആരോപണം ഉയർത്തി ട്രംപ് ഭരണകൂടം അവരുടെ $400 മില്യൺ ഫെഡറൽ ഗ്രാന്റ് റദ്ദാക്കിയിരുന്നു.

പ്രകടനത്തിൽ പങ്കെടുത്ത താരീഖ് ബസ്‌റൂക് എന്ന വിദ്യാർഥിക്കു ഹമാസ് ഭീകരരുടെ സായുധ വിഭാഗമായ അൽ കാസം ബ്രിഗേഡുമായി നേരിട്ട് ബന്ധമുണ്ടെന്ന് ജസ്റ്റിസ് ഡിപ്പാർട്മെന്റ് ആരോപിച്ചിരുന്നു. മൂന്ന് ഫെഡറൽ യഹൂദ വിദ്വേഷ കുറ്റങ്ങൾ ചുമത്തപ്പെട്ട 20കാരൻ വിചാരണ നേരിടുന്നു.

യഹൂദരെ സംരക്ഷിക്കാനുള്ള നടപടികളുമായി സഹകരിക്കുമെന്ന് കൊളംബിയ വ്യക്തമാക്കിയിട്ടുണ്ട്. ആളെ തീരിച്ചറിയാതിരിക്കാൻ മുഖം മൂടുന്നത് ക്യാമ്പസിൽ നിരോധിക്കയുണ്ടായി.