/sathyam/media/media_files/2025/09/15/hvvv-2025-09-15-04-06-00.jpg)
യുഎസിൽ സൗത്ത് കൊറിയൻ തൊഴിലാളികളെ ഇമിഗ്രെഷൻ അധികൃതർ കൂട്ടമായി കസ്റ്റഡിയിൽ എടുത്തതിൽ ഡപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ്റ്റഫർ ലാൻഡാവ് ഖേദം പ്രകടിപ്പിച്ചു. അത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പും നൽകി.
സോളിൽ സൗത്ത് കൊറിയൻ വിദേശകാര്യ ഒന്നാം ഉപമന്ത്രി പാർക്ക് യൂൺ-ജൂവിനെ സന്ദർശിച്ച ലാൻഡാവ് 'അഗാധമായ ഖേദം' അറിയിച്ചെന്ന് കൊറിയയുടെ യോൺഹാപ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ജോർജിയയിൽ എൽ ജി എനർജി, ഹ്യൂണ്ടായ് എന്നീ കമ്പനികൾ ചേർന്നു പണിയുന്ന ബാറ്ററി പ്ലാന്റിൽ നിന്നാണ് നൂറുകണക്കിനു സൗത്ത് കൊറിയൻ ജീവനക്കാരെ ഈ മാസം ഐ സി ഇ കസ്റ്റഡിയിൽ എടുത്തത്. സോൾ ഇടപെട്ടതിനെ തുടർന്നു യുഎസ് മോചിപ്പിച്ച 316 ജീവനക്കാർ കഴിഞ്ഞ ദിവസം സ്വന്തം നാട്ടിൽ എത്തി.
ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തണമെന്നു ലാൻഡാവ് പാർക്കിനോട് നിർദേശിച്ചു. ഇക്കാര്യത്തിൽ ഏറെ താല്പര്യമെടുത്ത പ്രസിഡന്റ് ട്രംപ് സൗത്ത് കൊറിയൻ ജീവനക്കാർക്ക് തിരിച്ചു യുഎസിൽ വരാൻ ബുദ്ധിമുട്ടുണ്ടാവരുതെന്നു ഉത്തരവിട്ടിട്ടുണ്ട്.
സൗത്ത് കൊറിയൻ ജീവനക്കാർക്ക് ശരിയായ വിസ ലഭ്യമാക്കാൻ ചർച്ച നടത്തുമെന്ന് ലാൻഡാവ് പറഞ്ഞു. സൗത്ത് കൊറിയൻ കോർപറേഷനുകൾ യുഎസിൽ നിക്ഷേപം നടത്തുമ്പോൾ അവർക്കു ആവശ്യമായ പിന്തുണ നൽകും.
തടവിലാക്കപ്പെട്ടപ്പോൾ സൗത്ത് കൊറിയക്കാർ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചു പാർക്ക് വിശദീകരിച്ചു. സൗത്ത് കൊറിയയിലെ ജനങ്ങൾക്ക് അതൊരു കനത്ത ആഘാതമായിരുന്നു.
2023ൽ യുഎസിൽ ഏറ്റവുമധികം നിക്ഷേപം --$21.5 ബില്യൺ--നടത്തിയ സൗത്ത് കൊറിയൻ കമ്പനികൾക്കു ഇത്തരം ഇമിഗ്രെഷൻ പ്രശ്‌നങ്ങൾ വലിയൊരു തടസമായിട്ടുണ്ട്.പുതിയ വ്യാപാര കരാർ അനുസരിച്ചു സൗത്ത് കൊറിയ $350 ബില്യൺ നിക്ഷേപം കൂടി വാഗ്ദാനം ചെയ്തിട്ടുണ്ട്.