യുഎസിന്റെ കണ്ണ് യുക്രെയ്നിലെ ധാതുശേഖരത്തില്‍

New Update
Hdhdhsjjjs

കീവ്: റഷ്യന്‍ അധിനിവേശത്തില്‍ തകര്‍ന്നു കിടക്കുന്ന യുക്രെയ്നില്‍ യുഎസ് തേടുന്ന വിപുലമായ ധാതുശേഖരം. യുക്രെയ്നിയന്‍ ഷീല്‍ഡ് എന്നറിയപ്പെടുന്ന ശേഖരത്തിന്റെ നിയന്ത്രണം സ്വന്തമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമീപകാലത്ത് മുന്നോട്ടു വച്ച കരാര്‍ പോലും.

Advertisment

രണ്ടര ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപപ്പെട്ട കൂറ്റന്‍ സ്ഫടികപ്പാറയാണ് യുക്രെയ്നിയന്‍ ഷീല്‍ഡ്. ഇത് യുക്രെയ്നിന്‍റെ ഭൂരിഭാഗവും വ്യാപിച്ചു കിടക്കുന്നു. ഭൂമിയിലെ തന്നെ ഏറ്റവും പഴക്കമുള്ളതും സ്ഥിരതയുള്ളതുമായ ഭൂഖണ്ഡ ബ്ളോക്കുകളില്‍ ഒന്നാണിത്. ഊര്‍ജ സുരക്ഷയ്ക്ക് അത്യാവശ്യമെന്നു യൂറോപ്യന്‍ യൂണിയന്‍ തിരിച്ചറിഞ്ഞ 34 നിര്‍ണായക ധാതുക്കളില്‍ 22 എണ്ണവുമുണ്ട് യുക്രെയ്നിന്‍റെ മണ്ണില്‍. ലോകത്തിലെ ഏറ്റവും വിഭവ സമ്പന്നമായ രാജ്യങ്ങളിലൊന്നായി യുക്രെയ്ന്‍ ഭൂമിശാസ്ത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടതിനു കാരണം ഇതാണ്.

ലിഥിയം, ഗ്രാഫൈറ്റ്, മാംഗനീസ്, ടൈറ്റാനിയം, അപൂര്‍വ ഭൂമി മൂലകങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ധാതു നിക്ഷേപങ്ങള്‍ അടങ്ങിയതാണ് യുക്രെയ്ന്‍ മണ്ണ്. ആധുനിക വ്യവസായങ്ങള്‍ക്കും ആഗോള ഹരിത ഊര്‍ജ പരിവര്‍ത്തനത്തിനും ഇതെല്ലാം ഇപ്പോള്‍ നിര്‍ണായകമാണ്. അന്താരാഷ്ട്ര ലോകം കാര്‍ബണൈസ് നീക്കം ചെയ്യാനുള്ള കഠിന പ്രയത്നത്തിലാണ് ഇപ്പോള്‍. അതു കൊണ്ടു തന്നെ ഇലക്ട്രിക് വാഹനങ്ങള്‍, കാറ്റാടി യന്ത്രങ്ങള്‍, സോളാര്‍ പാനലുകള്‍, ഊര്‍ജ സംഭരണ സംവിധാനങ്ങള്‍ എന്നിവയ്ക്കെല്ലാം ലിഥിയം, കൊബാള്‍ട്ട് തുടങ്ങി അപൂര്‍വ ഭൗമ മൂലകങ്ങള്‍ പലതും ആവശ്യമാണ്. യുക്രെയ്ന്‍ മണ്ണാകട്ടെ, ഇവയെല്ലാം കൊണ്ട് സമ്പന്നവുമാണ്.

1990കളില്‍ ലിഥിയത്തിന്‍റെ വില ടണ്ണിന് 1500 യുഎസ് ഡോളര്‍ ആയിരുന്നതില്‍ നിന്ന് സമീപ കാലത്ത് അത് ടണ്ണിന് ഏകദേശം 20,000 യുഎസ് ഡോളറായി ഉയര്‍ന്നു. 2040 ആകുമ്പോഴേയ്ക്കും ഇവയുടെ ഡിമാന്‍ഡ് ഏതാണ്ട് 40 മടങ്ങായി വര്‍ധിക്കുമെന്നാണ് വിദഗ്ധ നിരീക്ഷണം. യുക്രെയ്നിലെ ഈ അപൂര്‍വ ഖനികളുടെയും അവയില്‍ പ്രകൃതി നിക്ഷേപിച്ചിരിക്കുന്ന ധാതുലവണങ്ങളുടെ തന്ത്രപരമായ പ്രാധാന്യവും അന്താരാഷ്ട്ര തലത്തില്‍ തന്നെ അംഗീകാരം നേടി. നീണ്ടു നിന്ന യുദ്ധത്തകര്‍ച്ച സെലന്‍സ്കിയെ ട്രംപിനു കീഴില്‍ കൊണ്ടുവരുന്ന അവസ്ഥയിലുമാക്കി.

യുക്രെയ്നും യുഎസും തമ്മിലുള്ള സമീപകാല ഉഭയകക്ഷി ചര്‍ച്ചകള്‍ ഈ വിഭവങ്ങളുടെ ഭൗമ രാഷ്ട്രീയ പ്രാധാന്യം എടുത്തു കാണിക്കുന്നതാണ്. ഒരു നിര്‍ദിഷ്ട കരാര്‍ പ്രകാരം, സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ധാതു വിഭവങ്ങള്‍, എണ്ണ, വാതകം, മറ്റു വേര്‍തിരിച്ചെടുക്കാവുന്ന വസ്തുക്കള്‍ എന്നിവയില്‍ നിന്നുള്ള വരുംകാല വരുമാനത്തിന്‍റെ 50 ശതമാനം യുദ്ധാനന്തര പുനര്‍നിര്‍മാണത്തിനായുള്ള നിക്ഷേപ ഫണ്ടിലേയ്ക്ക് യുക്രെയ്ന്‍ സംഭാവന ചെയ്യും.

കീവും വാഷിങ്ടണും സംയുക്തമായിട്ടായിരിക്കും ഈ ഫണ്ട് കൈകാര്യം ചെയ്യുക. ഇത് അമെരിക്കയ്ക്ക് വലിയ ആശ്വാസമാണ്. കാരണം യുക്രെയ്നു നല്‍കിയ സൈനിക സംരക്ഷണത്തിനു പകരമായി, യുക്രെയ്നിന്‍റെ ധാതുക്കള്‍ നേടാന്‍ അവസരം ലഭിക്കുന്നത് നിര്‍ണായകമായ ധാതു ഉല്‍പാദനത്തിലും സംസ്കരണത്തിലും ആധിപത്യം പുലര്‍ത്തുന്ന ചൈനയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് വിരാമം കുറിക്കാന്‍ അമെരിക്കയെ സഹായിക്കുന്ന കരാറാണ്. ഈ കരാര്‍ പ്രാബല്യത്തിലാകുന്നതോടെ അമെരിക്കയ്ക്ക് ചൈനയില്‍ നിന്ന് ഈ ധാതുക്കള്‍ വാങ്ങേണ്ടി വരുന്നത് പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയും.

ആഗോള തലത്തില്‍ ഉല്‍പാദിപ്പിക്കുന്ന ലിഥിയത്തിന്‍റെ ഏകദേശം 80 ശതമാനവും ബാറ്ററി ഉല്‍പാദനത്തിനാണ് ഉപയോഗിക്കുന്നത്. ഇലക്ട്രിക് വാഹന നിര്‍മാണം പെരുകുന്ന ഇക്കാലത്ത് ലിഥിയത്തിന് ആവശ്യക്കാരേറെയാണ്. ഇത് ഇത്തരം ധാതുക്കള്‍ക്ക് അഭൂതപൂര്‍വമായ ഡിമാന്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇപ്പോള്‍. യുക്രെയ്നിന്‍റെ സമ്പന്നമായ ഈ ധാതുലഭ്യത വരും ലോകത്തിനായി ശുദ്ധമായ ഊര്‍ജ വിപ്ളവത്തില്‍ ഈ രാജ്യത്തെ ഒന്നാം സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിയേക്കാം.