/sathyam/media/media_files/2025/09/26/bbv-2025-09-26-05-15-24.jpg)
അടുത്ത ആഴ്ച അമേരിക്കൻ സർക്കാർ പ്രവർത്തനം നിലച്ചാൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന വൈറ്റ് ഹൗസിന്റെ ഭീഷണിക്കെതിരെ ഡെമോക്രാറ്റിക് നേതാക്കൾ രംഗത്ത്. ഡെമോക്രാറ്റുകൾ തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുന്നതിനാൽ ഒക്ടോബർ ഒന്നിന് സർക്കാർ അടച്ചുപൂട്ടലിന് സാധ്യതയേറി. പ്രസിഡന്റ് ട്രംപിന്റെ നയങ്ങൾക്ക് വിരുദ്ധമായ തസ്തികകൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ബജറ്റ് മാനേജ്‌മെന്റ് ഓഫീസ് (ഒ എം ബി) സർക്കാർ ഏജൻസികൾക്ക് നിർദേശം നൽകിയിരുന്നു. ഇത് ജീവനക്കാരെ പിരിച്ചുവിടാനുള്ള മുന്നൊരുക്കമായാണ് വിലയിരുത്തപ്പെടുന്നത്.
ഈ നീക്കത്തെ സെനറ്റ് ന്യൂനപക്ഷ നേതാവായ ചക്ക് ഷുമർ "ഭീഷണിപ്പെടുത്താനുള്ള ശ്രമം" എന്ന് വിശേഷിപ്പിച്ചു.ഹൗസ് ന്യൂനപക്ഷ നേതാവായ ഹക്കീം ജെഫ്രീസ് ആകട്ടെ, ബജറ്റ് ഡയറക്ടർ റസ്സൽ വൗട്ടിനോട് "പോയി പണി നോക്കാൻ" ആവശ്യപ്പെട്ട് തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
ഒക്ടോബർ ഒന്നിന് മുമ്പ് ചെലവ് ബില്ലിന് അംഗീകാരം നൽകിയില്ലെങ്കിൽ സർക്കാർ പ്രവർത്തനം നിലയ്ക്കും. ഡിസംബറിന് ശേഷം ഒബാമകെയർ സബ്സിഡികൾക്കായി ഒരു ട്രില്യൺ ഡോളറിൽ കൂടുതൽ തുകയും ആരോഗ്യ പരിപാടികൾക്ക് റിപ്പബ്ലിക്കൻ പാർട്ടി വെട്ടിക്കുറച്ച തുക പുനഃസ്ഥാപിക്കണമെന്നുമാണ് ഡെമോക്രാറ്റുകളുടെ പ്രധാന ആവശ്യം.
സബ്സിഡികൾ ഇല്ലാതായാൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് ആരോഗ്യ ഇൻഷുറൻസ് നഷ്ടമാകാനും ആരോഗ്യ ചെലവുകൾ കുത്തനെ ഉയരാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വൈറ്റ് ഹൗസിന്റെ സമ്മർദ തന്ത്രങ്ങൾക്ക് വഴങ്ങില്ലെന്നും, ആരോഗ്യ സംരക്ഷണ ഫണ്ടിനായി ഒരു നീണ്ട പോരാട്ടത്തിന് തയ്യാറാണെന്നും ഡെമോക്രാറ്റുകൾ വ്യക്തമാക്കി.