/sathyam/media/media_files/2025/08/01/tffgf-2025-08-01-03-49-27.jpg)
ഇറാന്റെ പെട്രോളിയം ഉത്പന്നങ്ങൾ കച്ചവടം ചെയ്യുന്നു എന്നാരോപിച്ചു അര ഡസൻ ഇന്ത്യൻ കമ്പനികളുടെ മേലെങ്കിലും യുഎസ് ഉപരോധം ഏർപ്പെടുത്തി. ലോകമൊട്ടാകെ 20 കമ്പനികൾക്ക് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ബുധനാഴ്ച്ച ഉപരോധം പ്രഖ്യാപിച്ചു.
ഇറാന്റെ മേലുള്ള യുഎസ് ഉപരോധം അറിഞ്ഞുകൊണ്ടു തന്നെ ലംഘിച്ചു ഈ കമ്പനികൾ ഗണ്യമായ കച്ചവടം നടത്തി എന്നാണ് ആരോപണം.
രാജ്യത്തെ ഏറ്റവും വലിയ പെട്രോ കെമിക്കൽ വ്യാപാര സ്ഥാപനങ്ങൾ ഉപരോധത്തിൽ പെട്ടിട്ടുണ്ട്. ഒന്നാം പ്രതിയായി യുഎസ് കാണുന്ന ആൽകെമിക്കൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് 2024 ജനുവരിക്കും ഡിസംബറിനും ഇടയിൽ $84 മില്യൺ ഇറാനിയൻ പെട്രോകെമിക്കൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തെന്നു സ്റേറ് ഡിപ്പാർട്മെന്റ് ആരോപിക്കുന്നു.
ഗ്ലോബൽ ഇൻഡസ്ട്രിയൽ കെമിക്കൽസ് ലിമിറ്റഡ് 2024 ജനുവരിക്കും 2025 ജനുവരിക്കും ഇടയിൽ മെഥനോൾ ഉൾപ്പെടെയുള്ള $51 മില്യൺ ഇറേനിയൻ ഉത്പന്നങ്ങൾ വാങ്ങിയത്രേ.
ഇതേ കാലഘട്ടത്തിൽ ജൂപ്പിറ്റർ ഡൈ കെം പ്രൈവറ്റ് ലിമിറ്റഡ് ടോളുൻ ഉൾപ്പെടെ $49 മില്യണിലധികം ഇറാനിയൻ ഉത്പന്നങ്ങൾ വാങ്ങി. രാംനികൽ എസ്. ഗോസാലിയ വാങ്ങിയത് $22 മില്യൺ.
പെർസിസ്റ്റന്റ് പെട്രൊകേം $14 മില്യന്റെ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തു. 2024 ഒക്ടോബർ-ഡിസംബറിൽ അവർ മെഥനോൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളാണ് വാങ്ങിയത്.
കാഞ്ചൻ പോളിമേഴ്‌സ് ഇറാന്റെ പോളിത്തീൻ ഉത്പന്നങ്ങൾ $1.3 മില്യൺ ആണ് വാങ്ങിയത്.
യുഎസിൽ ഈ കമ്പനികളുടെ ആസ്തികൾ മരവിപ്പിച്ചു. അമേരിക്കക്കാർക്ക് ഈ കമ്പനികളിൽ നിയന്ത്രണം ഉണ്ടെങ്കിൽ ആ ആസ്തികളും മരവിപ്പിച്ചു.
ഈ കമ്പനികളുമായി കച്ചവടം നടത്താൻ യുഎസ് കമ്പനികൾക്കും വ്യക്തികൾക്കും അനുവാദമില്ല. ഉപരോധമുള്ള കമ്പനികൾക്ക് 50% നിക്ഷേപമുള്ള ഏതു സ്ഥാപനത്തിനും യുഎസ് നിരോധനമുണ്ട്.
യുഎസ് ഉപരോധത്തിനെതിരെ അപ്പീൽ നൽകാൻ ഈ കമ്പനികൾക്കു കഴിയും.
ഇറാന്റെ മേൽ പരമാവധി സമമർദം കൊണ്ടുവരിക എന്ന നയത്തിന്റെ ഭാഗമാണ് ഈ നീക്കം. ഭീകരരെ സഹായിക്കാനും മിഡിൽ ഈസ്റ്റിൽ അസ്ഥിരത വിതയ്ക്കാനും ഇറാൻ എണ്ണപ്പണം ഉപയോഗിക്കുന്നു എന്നാണ് യുഎസ് ആരോപണം. ഇന്ത്യക്കു ഇറാനുമായി ചരിത്രപരമായ വ്യാപാര ബന്ധങ്ങളുണ്ട്.
യു എ ഇ, തുർക്കി, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ കമ്പനികൾക്കും ഉപരോധം ഏർപെടുത്തിയിട്ടുണ്ട്.