റഷ്യയുമായുള്ള കൂട്ടുവെട്ടാന്‍ ഇന്ത്യക്ക് യുഎസിന്റെ അന്ത്യശാസനം

New Update
Gffc

ബ്രസല്‍സ്: ഇന്ത്യക്കും ചൈനയ്ക്കും ബ്രസീലിനും ഭീഷണിയുമായി നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെ. റഷ്യയുമായി ഈ മൂന്നു രാജ്യങ്ങളും വ്യാപാര ബന്ധം തുടരുന്നതാണ് പാശ്ചാത്യരാജ്യങ്ങളുടെ സൈനിക സഖ്യത്തെ അസ്വസ്ഥമാക്കുന്നത്.

Advertisment

ഇന്ത്യയും ചൈനയും ബ്രസീലും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനെ വിളിച്ച് യുക്രെയ്നുമായി സമാധാന കരാര്‍ രൂപീകരിക്കാന്‍ പ്രേരിപ്പിക്കണമെന്നും റൂട്ടെ പറഞ്ഞു. യുഎസ് സെനറ്റര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് പരാമര്‍ശങ്ങള്‍.

റഷ്യക്കു മേല്‍ യുഎസും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളുമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ സഹകരിക്കുന്നില്ലെങ്കില്‍ ഈ രാജ്യങ്ങള്‍ക്കു മേല്‍ വേറേ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് റൂട്ടെയുടെ ഭീഷണി. അത് ഒഴിവാക്കണമെങ്കില്‍ പുടിനെ ഫോണില്‍ വിളിച്ച് കാര്യം പറയണമെന്നും മുന്നറിയിപ്പ്.

റഷ്യയുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങള്‍ക്കു മേല്‍ നൂറു ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും നേരത്തേ ഭീഷണി മുഴക്കിയിരുന്നു. അമ്പത് ദിവസത്തിനുള്ളില്‍ റഷ്യ ~ യുക്രെയ്ന്‍ സമാധാന കരാര്‍ യാഥാര്‍ഥ്യമായില്ലെങ്കില്‍ റഷ്യയുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ട്രംപ് പറയുന്നത്.

ഇതിനിടെ യുക്രെയ്ന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനും യുഎസ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മാത്രമല്ല, മിസൈലുകളടക്കം എല്ലാത്തരം ആയുധങ്ങളും നല്‍കുമെന്ന് റൂട്ടെയും വ്യക്തമാക്കി.

Advertisment