/sathyam/media/media_files/2025/04/07/ZLrFShOqjVt5S9D18y5O.jpg)
വാഷിങ്‌ടൻ: സിറിയയിലെ ഐഎസ് ഭീകരകേന്ദ്രങ്ങൾക്ക് നേരെ അതിശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കൻ സൈന്യം. കഴിഞ്ഞ ആഴ്ച സിറിയയിലെ പാൽമിറയിൽ രണ്ട് യുഎസ് സൈനികരും ഒരു പരിഭാഷകനും കൊല്ലപ്പെട്ടതിന് പകരമായാണ് ഈ നടപടിയെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ‘ഓപ്പറേഷൻ ഹോക്കി സ്ട്രൈക്ക്’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ ഭീകരരുടെ താവളങ്ങളും ആയുധപ്പുരകളും തകർത്തതായി യുഎസ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
അമേരിക്കൻ രാജ്യസ്‌നേഹികളെ ക്രൂരമായി കൊലപ്പെടുത്തിയവർക്ക് നൽകുന്ന ശക്തമായ തിരിച്ചടിയാണിതെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഈ സൈനിക നടപടിക്ക് സിറിയൻ സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയയിലെ മധ്യമേഖലയിലുള്ള ഡസൻ കണക്കിന് ഐസിസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇത് ഒരു യുദ്ധത്തിന്റെ തുടക്കമല്ല, മറിച്ച് ശത്രുക്കൾക്കുള്ള പ്രതികാരത്തിന്റെ പ്രഖ്യാപനമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം.
യുഎസ് സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിൽ നടന്ന ഈ ദൗത്യത്തിൽ ഫൈറ്റർ ജെറ്റുകൾ, അറ്റാക്ക് ഹെലികോപ്റ്ററുകൾ, ആർട്ടിലറി എന്നിവയാണ് ഉപയോഗിച്ചത്. ജോർദാൻ വ്യോമസേനയുടെ പിന്തുണയും ദൗത്യത്തിനുണ്ടായിരുന്നു. ഭീകരവാദത്തെ തുടച്ചുനീക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം ആവശ്യപ്പെട്ട സിറിയൻ വിദേശകാര്യ മന്ത്രാലയം, നിലവിലെ സൈനിക നീക്കങ്ങളെ സ്വാഗതം ചെയ്തു. ആക്രമണത്തിൽ മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ കൃത്യമായ കണക്കുകൾ പുറത്തുവിടാൻ അമേരിക്കൻ സൈനിക വൃത്തങ്ങൾ തയ്യാറായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us