/sathyam/media/media_files/2025/10/05/hhb-2025-10-05-04-59-20.jpg)
യുഎസ് സേന അഫ്ഘാനിസ്ഥാനിലേക്കു മടങ്ങി ബാഗ്രാം വ്യോമത്താവളം പിടിച്ചെടുക്കാൻ ശ്രമിക്കുന്നു എന്ന വാർത്ത മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ തള്ളി. ബാഗ്രാം പിടിച്ചെടുക്കും എന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവത്തെ തുടർന്നാണ് ഇത്തരം ഊഹാപോഹങ്ങൾ ഉണ്ടായത്.
അഫ്ഘാനിസ്ഥാൻ ഖാമാ പ്രസ് ഏജൻസി വാഷിംഗ്‌ടണിലുള്ള രണ്ടു യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു പറയുന്നത് ബാഗ്രാം റിപ്പോർട്ട് തികച്ചും അടിസ്ഥാന രഹിതമാണ് എന്നാണ്. ആ രാജ്യത്തു വീണ്ടും സൈന്യത്തെ എത്തിക്കാൻ യുഎസ് ആലോചിച്ചിട്ടു പോലുമില്ലെന്ന് അവർ വ്യക്തമാക്കുന്നു.
കാബൂളിനു വടക്കുള്ള ബാഗ്രാമിലെ ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ഭരണം നടത്തുന്ന താലിബാൻ ആവശ്യപ്പെട്ടു എന്നാണ് അഫ്ഘാൻ സാമൂഹ്യ മാധ്യമങ്ങളിലും പ്രാദേശിക പത്രങ്ങളിലും മറ്റും വാർത്ത വന്നത്.
മുൻ പ്രസിഡന്റ് ജോ ബൈഡൻ 2021ൽ അഫ്ഗാനിസ്ഥാനിൽ നിന്നു സൈന്യത്തെ പിൻവലിച്ചപ്പോൾ അവിടത്തെ ഏറ്റവും വലിയ വ്യോമ താവളമായ ബാഗ്രാം ഉപേക്ഷിച്ചത് ഗുരുതരമായ പിഴവാണെന്നു ആവർത്തിച്ചു പറയുന്ന ട്രംപ് അതു വീണ്ടെടുക്കും എന്നു തറപ്പിച്ചു പറഞ്ഞതിനെ തുടർന്നാണ് ഈ വാർത്തകൾ ഉത്ഭവിച്ചത്.
സോവിയറ്റ് ഭരണകാലത്തു നിർമിച്ച ബാഗ്രാം അമേരിക്കയാണ് നിര്‌മിച്ചതെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. "ഞങ്ങൾ അഫ്ഘാനിസ്ഥാനോടു സംസാരിക്കുന്നുണ്ട്, നമുക്ക് ബഗ്രാം തിരിച്ചു കിട്ടണം," എന്നു ട്രംപ് പറഞ്ഞു. "അവർ അത് തിരിച്ചു തന്നില്ലെങ്കിൽ എന്താണ് ചെയ്യേണ്ടതെന്നു എനിക്കറിയാം" എന്ന ഭീഷണിയും അദ്ദേഹം മുഴക്കി.
"നിങ്ങൾ വഴങ്ങിയില്ലെങ്കിൽ മോശപ്പെട്ട കാര്യങ്ങൾ സംഭവിക്കും."
അത്തരം ഭീഷണിയൊന്നും വിലപ്പോവില്ലെന്നു അഫ്ഘാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി പ്രതികരിച്ചിരുന്നു. "അഫ്ഘാൻ ഭൂമിയിൽ ഒരു മീറ്റർ പോലും അമേരിക്കയ്ക്കു കിട്ടില്ല."