വാഷിങ്ടണ്‍: അധികാരമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ മകന്‍ ഹണ്ടര്‍ ബൈഡന് വിവിധ കേസുകളില്‍ മാപ്പ് നല്‍കി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. തോക്ക് കൈവശം വച്ച കേസ് നികുതി വെട്ടിപ്പ് കേസുകളിലാണ് പ്രത്യേക അധികാരം ഉപയോഗിച്ച് ബൈഡന്‍ മാപ്പ് നല്‍കിയിരിക്കുന്നത്.
തന്‍റെ പ്രത്യേക അധികാരം കുടുംബാംഗങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്ന് നിരന്തരമായി ആവര്‍ത്തിച്ചിരുന്ന ബൈഡന്‍ മകന്‍റെ കാര്യത്തില്‍ ഈ നിലപാട് തിരുത്തിയിരിക്കുകയാണ്. ഡെലാവെയറിലും കാലിഫോര്‍ണിയയിലുമായുള്ള രണ്ടു കേസുകളിലും വിചാരണ പൂര്‍ത്തിയായി ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ബൈഡന്‍ മകന് വേണ്ടി രംഗത്തെത്തിയത്.
2020 ഡിസംബര്‍ മുതലാണ് കേസുകള്‍ ആരംഭിച്ചത്. 2018ല്‍ അനധികൃതമായി റിവോള്‍വര്‍ വങ്ങുകയും അപേക്ഷയില്‍ തെറ്റായ അവകാശ വാദം ഉന്നയിക്കുകയും ചെയ്തുവെന്നാണ് കേസ്. കേസിന്‍റെ വസ്തുതകള്‍ പരിശോധിച്ചാല്‍ ഏതൊരു വ്യക്തിക്കും മറ്റൊരു നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്നും തന്‍റെ മകനായതു കൊണ്ടു മാത്രം ഹണ്ടറിനെ വേട്ടയാടുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ബൈഡന്‍ മാപ്പ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ചര വര്‍ഷമായി നിരന്തരമായ ആക്രമണങ്ങള്‍ക്കും അന്യായമായ നിയമനടപടികള്‍ക്കമാണ് മകന്‍ വിധേയനാകേണ്ടി വന്നത്. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെയും ഡോണള്‍ഡ് ട്രംപിന്‍റെയും ആക്രമണങ്ങള്‍ മകന്‍ അഭിമുഖീകരിച്ചപ്പോഴും പ്രസിഡന്‍റ് എന്ന വിധത്തില്‍ യാതൊരു വിധ ഇളവുകളും നല്‍കില്ലെന്നായിരുന്നു ബൈഡന്‍ ആദ്യകാലങ്ങളില്‍ ആവര്‍ത്തിച്ചു വന്നിരുന്നത്.