/sathyam/media/media_files/2025/08/22/bvvv-2025-08-22-03-48-17.jpg)
ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ പ്രോസിക്യൂഷൻ നടപടികൾ എടുത്ത അന്താരാഷ്ട്ര കോടതിയുടെ (ഐ സി സി) ഒരു ഫ്രഞ്ച് ജഡ്ജിക്കും മറ്റു നിരവധി പേർക്കും എതിരെ ട്രംപ് ഭരണകൂടം ഉപരോധം പ്രഖ്യാപിച്ചു.
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച കേസ് കേൾക്കുന്ന ജഡ്‌ജ് നിക്കോളാസ് ഗിലിയുവിനെതിരെ നടപടി പ്രഖ്യാപിച്ച സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ, അഫ്‌ഗാനിസ്ഥാനിൽ യുദ്ധക്കുറ്റം ചെയ്‌തെന്ന മറ്റൊരു കേസ് കേൾക്കുന്ന കനേഡിയൻ ജഡ്‌ജ് കിംബെർളി പ്രോസ്റ്റിനെതിരെയും ഉപരോധം പ്രഖ്യാപിച്ചു.
രണ്ടു ഡെപ്യൂട്ടി പ്രോസിക്യൂട്ടർമാർക്കെതിരെയും നടപടിയുണ്ട്.
തിങ്കളാഴ്ച്ച വാഷിംഗ്ടണിൽ യുക്രൈൻ ചർച്ചയിൽ പങ്കെടുത്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ യുഎസ് നടപടിയിൽ നിരാശ പ്രകടിപ്പിച്ചു. "സ്വതന്ത്ര ജുഡീഷ്യറി എന്ന ആശയത്തിനു മേലുള്ള കടന്നു കയറ്റമാണിത്," വിദേശകാര്യ വകുപ്പ് വക്താവ് പറഞ്ഞു.
നിക്ഷപക്ഷമായി പ്രവർത്തിക്കുന്ന കോടതിയുടെ സ്വാതന്ത്ര്യത്തിൻ മേലുള്ള നഗ്നമായ ആക്രമണമാണിതെന്നു ഐ സി സി പറഞ്ഞു.
ഗാസയിൽ നെതന്യാഹു നയിക്കുന്ന ഇസ്രയേലിന്റെ സൈനിക നടപടിയിൽ യുദ്ധക്കുറ്റം ഉണ്ടെന്നു ഐ സി സി ചൂണ്ടിക്കാട്ടിയിരുന്നു.
നെതന്യാഹു റുബിയോക്ക് നന്ദി പറഞ്ഞു. ഇസ്രയേലി പ്രതിരോധ മന്ത്രി ആയിരുന്ന യോവ് ഗാലന്റ്, ഹമാസ് കമാൻഡർ മുഹമ്മദ് ഡെയ്‌ഫ് എന്നിവർക്കും എതിരെ ഐ സി സി വാറന്റുകൾ നിലവിലുണ്ട്. ഡെയ്‌ഫിനെ ഇസ്രയേൽ വധിച്ചിരുന്നു.
യുഎസിൽ ദീർഘകാലം ജോലി ചെയ്തിട്ടുണ്ട് ജഡ്‌ജ് ഗിലിയു. ഉപരോധം മൂലം അദ്ദേഹത്തിനു യുഎസിൽ പ്രവേശിക്കാനാവില്ല. അവിടെയുള്ള ആസ്തികൾ മരവിപ്പിക്കാനും ഇടയുണ്ട്.
അമേരിക്കയോ ഇസ്രയേലോ ഐ സി സി അംഗത്വമുള്ള രാജ്യങ്ങളല്ല.