ഇറാനിലെ പുതിയ നേതൃത്വവുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ച് അമേരിക്ക

New Update
V

വാഷിംഗ്ടണ്‍: ഇസ്രായേലിനും യു എസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ ഇറാനിലെ പുതിയ നേതൃത്വവുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേലും.ഈ സന്നദ്ധത അറിയിക്കുന്നതിനിടയിലും ഇറാനെതിരെ യു എസും ഇസ്രയേലും ആക്രമണം രൂക്ഷമാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

Advertisment

ഇറാന്റെ പുതിയ നേതൃത്വം തന്റെ ഭരണകൂടവുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അങ്ങനെ ചെയ്യാന്‍ പദ്ധതിയിടുന്നുവെന്നും യു എസ് പ്രസിഡന്റ് പറഞ്ഞു. ‘അവര്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു, ഞാനും സംസാരിക്കാമെന്ന് സമ്മതിച്ചു. അതിനാല്‍ അവരുമായി സംസാരിക്കും’ ഇങ്ങനെ ട്രംപ് പറഞ്ഞതായി ദി അറ്റ്‌ലാന്റിക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, അമേരിക്കയുമായി ഇറാന്‍ നേതാക്കള്‍ ചര്‍ച്ചക്ക് തയ്യാറായതായി സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. ഇറാന്‍ ആക്രമണത്തില്‍ നിരവധി യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടു. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി യുഎസും സ്ഥിരീകരിച്ചു. സംഘര്‍ഷത്തിലെ ആദ്യത്തെ അമേരിക്കന്‍ നാശനഷ്ടമാണിത്.

ഇസ്രായേലില്‍ നിന്ന് 1,000 മൈല്‍ (1,609 കിലോമീറ്റര്‍) അകലെയുള്ള മൂന്ന് സ്ഥലങ്ങളില്‍ ഏകദേശം 60 സെക്കന്‍ഡിനുള്ളില്‍,ഒരേസമയം നടത്തിയ ആക്രമണങ്ങളിലാണ് ഖമേനിയും റെവല്യൂഷണറി ഗാര്‍ഡ് മേധാവിയും രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയും ഉള്‍പ്പെടെ 40 പേര്‍ കൊല്ലപ്പെട്ടത്.

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തെത്തുടര്‍ന്ന് ഞായറാഴ്ച യു എസും ഇസ്രായേലും ഇറാനിലുടനീളം തുടര്‍ച്ചയായ ആക്രമണം നടത്തി. രാജ്യത്തെ ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളില്‍ വന്‍ ബോംബുകള്‍ വര്‍ഷിച്ചു. യുദ്ധക്കപ്പലുകള്‍ നശിപ്പിച്ചു.

ഖമേനിയെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും കൊലപ്പെടുത്തിയ ആക്രമണങ്ങള്‍ ആരംഭിച്ചതിനുശേഷം 200ലധികം പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ജൂണില്‍ നടന്ന 12 ദിവസത്തെ യുദ്ധം ഇറാന്റെ വ്യോമ പ്രതിരോധം, സൈനിക നേതൃത്വം, ആണവ പദ്ധതി എന്നിവയെ വളരെയധികം ദുര്‍ബലപ്പെടുത്തിയിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാന്‍ ഭരിച്ച ഖമേനിയുടെ കൊലപാതകം ഒരു നേതൃത്വ ശൂന്യത രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ട്.

ഇറാന്റെ തിരിച്ചടികള്‍

ഇസ്രായേലിനും ഗള്‍ഫ് അറബ് രാജ്യങ്ങള്‍ക്കും നേരെ മിസൈലുകള്‍ പ്രയോഗിച്ചാണ് ഇറാന്‍ പകരംവീട്ടാനാരംഭിച്ചത്. മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു.മധ്യ പട്ടണമായ ബെയ്റ്റ് ഷെമെഷിലെ സിനഗോഗില്‍ ഉണ്ടായ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേലിന്റെ റസ്‌ക്യു സര്‍വ്വീസസ് അറിയിച്ചു.ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 11 ആയി. ആക്രമണത്തിന് ശേഷവും പതിനൊന്ന് പേരെ കാണാതായെന്നും പോലീസ് പറഞ്ഞു.

പ്രതികാരം ചെയ്യുമെന്ന് ട്രംപ്

സൈനികരുടെ മരണത്തിന് അമേരിക്ക പ്രതികാരം ചെയ്യുമെന്നും സംഘര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇനിയും കൂടുതല്‍ പേര്‍ കൊല്ലപ്പെടുമെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.ഞായറാഴ്ച ഉച്ചകഴിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് പ്രസിഡന്റ് ഈ അഭിപ്രായപ്രകടനം നടത്തിയത്.

അന്തമില്ലാത്ത ആക്രമണം പ്രഖ്യാപിച്ച ഇസ്രായേലും ആക്രമണങ്ങള്‍ രൂക്ഷമാക്കുമെന്ന് പ്രഖ്യാപിച്ചു. 100 യുദ്ധവിമാനങ്ങള്‍ ഒരേസമയം ടെഹ്‌റാനില്‍ ആക്രമണം നടത്തിയതായി ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ ഒരു ബ്രീഫിംഗില്‍ പറഞ്ഞു.അതേസമയം, ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ സൗകര്യങ്ങളില്‍ 2,000 പൗണ്ട് ബോംബുകളിട്ടതായി യു എസ് പറഞ്ഞു.

ഒമ്പത് യുദ്ധക്കപ്പലുകള്‍ മുക്കി.നാവികസേനയുടെ ആസ്ഥാനത്ത് വന്‍ നാശമുണ്ടാക്കിയെന്നും ട്രംപ് പറഞ്ഞു.ഇറാന്റെ ആക്രമണം തടയാന്‍ യു എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മനിയും പറഞ്ഞു.സഖ്യകക്ഷികള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ അമ്പരപ്പിച്ചെന്ന് ഈ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഖമേനിയെ ഇല്ലാതാക്കാന്‍ മാസങ്ങള്‍ നീണ്ട ആസൂത്രണം

ഖമേനി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഇറാനിയന്‍ നേതാക്കളുടെ നീക്കങ്ങള്‍ സി ഐ എ മാസങ്ങളായി നിരീക്ഷിച്ചിരുന്നു.ഈ വിവരം ഇന്റലിജന്‍സ് ഇസ്രായേല്‍ ഉദ്യോഗസ്ഥരുമായി പങ്കിട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണ സമയം ക്രമീകരിച്ചതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.യു എസുമായുള്ള മാസങ്ങളോളം നീണ്ട ഏകോപനത്തിന്റെ ഫലമാണ് ശനിയാഴ്ചത്തെ ദൗത്യമെന്ന് ഒരു ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.ഇറാന്റെ നേതൃത്വത്തെ ഇല്ലാതാക്കാന്‍ വിവിധ ഘടകങ്ങള്‍ ‘സുവര്‍ണ്ണാവസരം’ ഒരുക്കിയെന്ന് ഇദ്ദേഹം വ്യക്തമാക്കി.

പുതിയ നേതൃത്വ കൗണ്‍സില്‍ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍ അറിയിച്ചു.ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഒരു പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുമെന്ന് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍

‘നിങ്ങള്‍ ഞങ്ങളുടെ ചുവപ്പ് രേഖ ലംഘിച്ചു, അതിന് വില നല്‍കേണ്ടിവരും,’ ഇറാന്‍ പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.നിങ്ങള്‍ യാചിക്കുന്ന തരത്തില്‍ വിനാശകരമായ പ്രഹരം നല്‍കും’അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് ട്രംപ് പ്രതികരിച്ചു.’ഇതുവരെ കണ്ടിട്ടില്ലാത്ത നാശം നേരിടേണ്ടി വരും’.

യുദ്ധം ആരംഭിച്ചതിന് അമേരിക്കയെയും ഇസ്രായേലിനെയും ഇറാന്റെ വിദേശകാര്യ മന്ത്രി അരാഗ്ചി കുറ്റപ്പെടുത്തി.ഗള്‍ഫ് രാജ്യങ്ങളുമായി സംസാരിച്ചെന്നും യുദ്ധം അവസാനിപ്പിക്കാന്‍ യു എസിനും ഇസ്രായേലിനും മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

Advertisment