/sathyam/media/media_files/2025/12/12/v-2025-12-12-04-52-28.jpg)
വെനസ്വേലൻ തീരത്തിനടുത്തു യുഎസ് സേന ഒരു എണ്ണക്കപ്പൽ പിടിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച്ച പ്രഖ്യാപിച്ചു. "കൂടുതൽ കാര്യങ്ങൾ സംഭവിക്കും" എന്നദ്ദേഹം കൂട്ടിച്ചേർത്തു. "ഇതു വരെ യുഎസ് പിടിച്ചെടുത്ത ഏറ്റവും വലിയ എണ്ണക്കപ്പലാണിത്."
'നഗ്നമായ കവർച്ച' എന്നാണ് വെനസ്വേല പ്രതികരിച്ചത്. "എന്തു വില കൊടുത്തും ഞങ്ങൾ ഞങളുടെ പരമാധികാരവും പ്രകൃതി വിഭവങ്ങളും രാജ്യത്തിൻറെ അന്തസും കാത്തു സൂക്ഷിക്കും."
വെനസ്വേലൻ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്നതിനു ഉപരോധം ഏർപെടുത്തിയിട്ടുണ്ടെന്നു അറ്റോണി ജനറൽ പാം ബോണ്ടി ചൂണ്ടിക്കാട്ടി. എന്നാൽ അവർ അതു മാനിക്കുന്നില്ല.
ബോണ്ടി പുറത്തു വിട്ട 45 സെക്കന്റ് വിഡിയോയിൽ യുഎസ് സൈനികർ ഹെലികോപ്റ്ററിൽ നിന്നു കപ്പലിൽ ഇറങ്ങുന്നതു കാണാം. "വെനസ്വേലയിൽ നിന്നും ഇറാനിൽ നിന്നും ഉപരോധമുള്ള എണ്ണ കൊണ്ടുപോകുന്ന കപ്പലുകൾ പിടിച്ചെടുക്കാൻ വാറന്റ് ഉണ്ട്. വിദേശ ഭീകര സംഘടനകളെ സഹായിക്കാനാണ് അവർ വരുമാനം ഉപയോഗിക്കുന്നത്."
ഉച്ചയോടെ ക്രൂഡ് വില 1.3% കയറി 75 സെന്റിൽ എത്തി. യുഎസ് ഗ്യാസ് സ്റ്റേഷനുകളിൽ വിലക്കയറ്റം പ്രതീക്ഷിക്കാം.
പിടിച്ചെടുത്ത എണ്ണ എന്തു ചെയ്യും എന്നു ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞു: "അത് നമ്മുടെ കയ്യിൽ ഇരിക്കും." സ്കിപ്പെർ എന്നു പേരുള്ള കപ്പൽ ഡിസംബർ 4നു ഹോസെ തുറമുഖം വിട്ടത് 1.1 മില്യൺ ബാരൽ എണ്ണയുമായാണ് എന്നാണു റിപ്പോർട്ട്.
വെനസ്വേലയ്ക്കു ചുറ്റും കടലിൽ യുഎസ് 11 പടക്കപ്പലുകളും 15,000 സൈനികരെയും വിന്യസിച്ചിട്ടുണ്ട്. ഏതു നിമിഷവും യുഎസ് സേന കരയിലേക്കു കടക്കും എന്നാണ് കരുതപ്പെടുന്നത്. അതിനു ട്രംപ് പറയുന്ന ന്യായം വെനസ്വേലൻ ലഹരി സംഘങ്ങൾ കടത്തി യുഎസ് വിപണിയിൽ എത്തിക്കുന്ന ലഹരി പതിനായിരങ്ങളുടെ ജീവനെടുക്കുന്നതു തടഞ്ഞേ തീരൂ എന്നാണ്.
തിങ്കളാഴ്ച പക്ഷെ ഒരു അഭിമുഖത്തിൽ ട്രംപ് പറഞ്ഞത് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ദിനങ്ങൾ എണ്ണിക്കഴിഞ്ഞു എന്നാണ്. രാജ്യം വിടാൻ അദ്ദേഹം കമ്മ്യൂണിസ്റ്റ് ഏകാധിപതിയോട് ആവശ്യപ്പെട്ടിരുന്നു.
വെനസ്വേലയിൽ നിന്നു ലഹരി കടത്തുന്നു എന്നാരോപിച്ചു രണ്ടു വള്ളക്കാരെ വെടിവച്ചു കൊന്നതിനെ കുറിച്ച് യുഎസ് കോൺഗ്രസ് ട്രംപിനോടു വിശദീകരണം ചോദിച്ചിട്ടുണ്ട്. വള്ളം മുങ്ങിയെങ്കിലും മരണത്തെ അതിജീവിച്ച രണ്ടു പേരെയും വീണ്ടും ആക്രമിച്ചു കൊന്നു എന്നതാണ് വിവാദം. ആ പ്രശ്നം കഴിഞ്ഞു എന്നതാണ് ട്രംപിന്റെ നിലപാട്.
വെനസ്വേലയിൽ കരയിലേക്കു സൈന്യം കയറിയാൽ അത് ആക്രമണമാവും. അതിനു യുഎസ് കോൺഗ്രസ് ട്രംപിന് അനുമതി നൽകിയിട്ടില്ല.
ബുധനാഴ്ച്ച നൊബേൽ സമാധാന സമ്മാനം ഏറ്റുവാങ്ങിയ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കോറിന മച്ചാഡോ മഡുറോയ്ക്കു പകരം പ്രസിഡന്റാവാൻ ട്രംപ് കണ്ടുവച്ചിട്ടുള്ളതെന്നു റിപ്പോർട്ടുണ്ട്. ആ സമ്മാനം ആഗ്രഹിച്ചിട്ടു കിട്ടാതെ പോയ ട്രംപിനാണ് മച്ചാഡോ അതു സമർപ്പിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മച്ചാഡോ നയിക്കുന്ന സഖ്യം വിജയം കണ്ടിരുന്നു. എന്നാൽ മഡുറോ അതു റദ്ദാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us