വിദേശികൾക്ക് നാട്ടിലേക്കു പണം അയക്കുന്നതിനുള്ള നികുതി 3.5 ശതമാനത്തിൽ നിന്നു 1% ആക്കാൻ യുഎസ് സെനറ്റ് നിർദേശിച്ചു. ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്കും ഏറെ ആശ്വാസം പകരുന്ന നടപടിയാണിത്.
യുഎസ് ബാങ്ക് അക്കൗണ്ടിൽ നിന്നു നേരിട്ടും യുഎസിൽ നിന്നുള്ള ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ വഴിയും അയക്കുന്ന പണത്തിനു നികുതി ഒഴിവാക്കുന്ന ഭേദഗതി പ്രസിഡന്റ് ട്രംപിന്റെ "വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ല് ആക്ട്" എന്ന ബില്ലിൽ സെനറ്റ് കൊണ്ടുവന്നു. ദിവസേന പതിവായി അയക്കുന്ന പണത്തിന്റെ വലിയൊരു ശതമാനം അതോടെ നികുതി വലയത്തിനു പുറത്താകും.
ബില്ലിൽ 5% നികുതി നിർദേശിച്ചത് യുഎസ് ഹൗസ് നേരത്തെ 3.5% ആയി കുറച്ചിരുന്നു.
ഇപ്പോൾ വരുത്തിയ മാറ്റം സെനറ്റിലെ റിപ്പബ്ലിക്കൻ അംഗങ്ങളാണ് പുറത്തു വിട്ടത്. ബിൽ ജൂലൈ 4നു മുൻപ് പാസാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
പണം അയക്കുന്നയാൾ ക്യാഷ് നൽകുകയോ മണി ഓർഡർ അല്ലെങ്കിൽ കാഷ്യർ ചെക്ക് ഉപയോഗിക്കയോ ചെയ്താൽ മാത്രമേ നികുതി ഉണ്ടാവൂ. ഡിസംബർ 31നു ശേഷമേ അത് നടപ്പിൽ വരൂ.