/sathyam/media/media_files/2025/09/29/ggg-2025-09-29-05-50-10.jpg)
നാലു ബില്യൺ ഡോളർ വിദേശ സഹായം മരവിപ്പിക്കാൻ യുഎസ് സുപ്രീം കോടതി വെള്ളിയാഴ്ച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അനുമതി നൽകി. കഴിഞ്ഞ മാസം എടുത്ത നടപടിക്ക് 6-3 വിധിയിൽ കോടതി പച്ചക്കൊടി കാട്ടി.
കോൺഗ്രസ് അനുമതി ഇല്ലാതെ ട്രംപിന് അത് ചെയ്യാനാവില്ലെന്ന കീഴ്കോടതി വിധി ഇതോടെ അപ്രസക്തമായി.
വൈറ്റ് ഹൗസ് ബജറ്റ് ഓഫിസ് വക്താവ് പറഞ്ഞു: "പ്രസിഡന്റിന് തന്റെ നയങ്ങൾ നടപ്പാക്കാൻ തടസമില്ലെന്ന വിധി അദ്ദേഹത്തിന് വമ്പിച്ച വിജയമാണ്. ഇടതു പക്ഷക്കാർക്കു അതിനു തടയിടാൻ ഇനി കഴിയില്ല."
എയ്ഡ്‌സ് വാക്സീൻ അഡ്വക്കസി കൊയലിഷൻ, ജേർണലിസം ഡെവലപ്മെന്റ് നെറ്റ്വർക്, സെന്റർ ഫോർ വിക്ടിംസ് ഓഫ് ടോർച്ചർ, ഗ്ലോബൽ ഹെൽത്ത് കൗൺസിൽ എന്നീ സംഘടനകളാണ് ട്രംപിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. അവർക്ക് ഉണ്ടാകാവുന്ന ദോഷത്തെക്കാൾ കൂടുതൽ പ്രധാനമാണ് വിദേശ നയമെന്ന് സുപ്രീം കോടതി പറഞ്ഞു.
എന്നാൽ കോൺഗ്രസിന്റെ അധികാരം ട്രംപിന് ഏകപക്ഷീയമായി പിടിച്ചെടുക്കാമോ എന്ന വിഷയം കോടതി സ്പർശിച്ചില്ല.
ജസ്റ്റിസുമാരായ എലീന കഗൻ, സോണിയ സോട്ടോമേയർ, കേതൻജി ബ്രൗൺ ജാക്‌സൺ എന്നിവർ ഭൂരിപക്ഷ തീരുമാനത്തെ എതിർത്തു.