വിദേശ പൗരന്മാര്‍ക്കെതിരേ കടുത്ത നടപടികളുമായി യുഎസ്. 30 ദിവസത്തിലധികം രാജ്യത്ത് തുടരുന്നവര്‍ സര്‍ക്കാരില്‍ രജിസ്ററര്‍ ചെയ്യണം, അതിനു തയാറല്ലാത്തവര്‍ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്നും അല്ലെങ്കില്‍ ജയിലില്‍ അടക്കുമെന്നുമാണ് ട്രംപ് ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്. ഏലിയന്‍ രജിസ്ട്രേഷന്‍ ആക്റ്റ് പ്രകാരമാണ് പുതിയ നടപടി. ഹോംലാന്‍ഡ് സെക്യൂരിറ്റിയാണ് എക്സില്‍ പോസ്ററ് പങ്കു വച്ചിരിക്കുന്നത്. പെട്ടെന്ന് രാജ്യം വിടുക അല്ലെങ്കില്‍ സെല്‍ഫ് ഡീപോര്‍ട്ട് ചെയ്യുക എന്നാണ് പോസ്ററിലുള്ളത്.
യുഎസില്‍ തുടരുന്ന വിദേശപൗരന്മാര്‍ സദാ സയമവും രജിസ്ട്രേഷന്‍ തെളിവുകള്‍ കൈയില്‍ കരുതണമെന്ന നിയമം നടപ്പിലാക്കിയതിനു പിന്നാലെയാണ് പുതിയ നീക്കം. വേണ്ടത്ര രേഖകള്‍ ഇല്ലാതെ യുഎസില്‍ തുടരുന്നവരെ ഉദ്ദേശിച്ചാണ് പുതിയ നീക്കം. അംഗീകൃതമായ തൊഴില്‍ വിസ, സ്ററുഡന്‍റ് വിസ, ഗ്രീന്‍ കാര്‍ഡ്, എച്ച്~1ബി വിസ എന്നിവ ഉള്ളവരെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവരായാണ് കണക്കാക്കുന്നത്. അവരും സദാസമയവും രേഖകള്‍ കൊണ്ടു നടക്കേണ്ടതുണ്ട്. ഇത്തരം വിസകളുള്ളവരുടെ കുട്ടികള്‍ 14 വയസു പൂര്‍ത്തിയാക്കുന്നതോടെ റീ രജിസ്ററര്‍ ചെയ്യേണ്ടതാണെന്നും നിര്‍ദേശത്തിലുണ്ട്.
സെല്‍ഫ് ഡീപോര്‍ട്ട് ചെയ്യുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി പോസ്ററിലുണ്ട്. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് തിരിച്ചു പോകേണ്ട ഫ്ലൈറ്റ് തെരഞ്ഞെടുക്കാം. യുഎസില്‍ നിന്ന് സമ്പാദിച്ച പണം കയില്‍ സുരക്ഷിതമായിരിക്കും, നിയമപരമായി വീണ്ടും യുഎസിലേക്ക് തിരിച്ചു വരാന്‍ കഴിയും എന്നിങ്ങനെയാണ് സെല്‍ഫ് ഡീപോര്‍ട്ടിന്‍റെ ഗുണങ്ങളായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.