വിസ, ഗ്രീന്‍ കാര്‍ഡ് സംവിധാനങ്ങളില്‍ സമൂല മാറ്റത്തിന് യുഎസ്

New Update
Ghvv3

വാഷിങ്ടണ്‍: എച്ച് വണ്‍ബി വിസയിലും ഗ്രീന്‍ കാര്‍ഡ് സംവിധാനത്തിലും വന്‍കിട മാറ്റങ്ങള്‍ക്ക് യുഎസ് തയാറെടുക്കുന്നു. യു.എസിലെ ദശലക്ഷക്കണക്കിന് വിദേശ ജീവനക്കാരെയും വിദ്യാര്‍ഥികളെയും ബാധിക്കുന്ന തീരുമാനമാണിത്.

Advertisment

അമേരിക്കന്‍ പൗരന്‍മാരുടെ തൊഴിലവസരങ്ങള്‍ മുഴുവന്‍ വിദേശ തൊഴിലാളികള്‍ കവരുന്ന രീതിയിലുള്ള തട്ടിപ്പാണ് നിലവിലെ എച്ച് വണ്‍ബി വിസ സമ്പ്രദായം എന്നാണ് യു.എസ് വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുട്നിക് എക്സില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.. ജോലികള്‍ക്ക് അമേരിക്കക്കാരെ തെരഞ്ഞെടുക്കാനുള്ള സമയമാണിതെന്നും ലുട്നിക്.

ഗ്രീന്‍ കാര്‍ഡും എച്ച് വണ്‍ബി വിസയും ആ രീതിയിലേക്ക് പരിഷ്കരിക്കുന്നതിനുള്ള സംഘത്തിന്റെ ഭാഗമാണ് താനെന്നും ലുട്നിക് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഗ്രീന്‍ കാര്‍ഡ് കൈവശമുള്ളവരും അമേരിക്കയിലെ പൗരന്‍മാരും തമ്മില്‍ വേതനത്തില്‍ വലിയ അന്തരമില്ലെന്നും ഈ ആവശ്യത്തെ ന്യായീകരിക്കവെ ലുട്നിക് സൂചിപ്പിച്ചു.

ഒരു ശരാശരി അമേരിക്കന്‍ പൗരന്‍ പ്രതിവര്‍ഷം സമ്പാദിക്കുന്നത് 75,000 ഡോളറാണ്. എന്നാല്‍ ഗ്രീന്‍ കാര്‍ഡ് കൈവശമുള്ള വിദേശ പൗരന്‍ സമ്പാദിക്കുന്നത് 66,000 ഡോളറും. അതില്‍ മാറ്റം വരുത്താന്‍ പോവുകയാണ് ഞങ്ങള്‍. ഡോണള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതും ആ മാറ്റമാണ്. അതാണ് വരാനിരിക്കുന്ന ഗോള്‍ഡ് കാര്‍ഡ്. രാജ്യത്തേക്ക് ഏറ്റവും മികച്ച ആളുകളെ തെരഞ്ഞെടുക്കാനാണ് ഉദ്ദേശിക്കുന്നത് ~ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എച്ച്~1ബി ലോട്ടറി സംവിധാനം ഒഴിവാക്കുന്നതും ഉയര്‍ന്ന വരുമാനമുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്ന വേതന അധിഷ്ഠിത വിസ അനുവദിക്കുന്നതും വിസ പ്രക്രിയയിലെ നിര്‍ദിഷ്ട മാറ്റങ്ങളില്‍ ഉള്‍പ്പെടുമെന്ന് കരുതുന്നു. ഇന്ത്യക്കാരാണ് എച്ച് വണ്‍ബി വിസയുടെ ഉപയോക്താക്കളില്‍ ബഹുഭൂരിപക്ഷവും. അതിനാല്‍ വിസ പരിഷ്കരണം ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യന്‍ ഐ.ടി ജീവനക്കാരെയും വിദ്യാര്‍ഥികളെയുമാണ്. ജനുവരിയില്‍ ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേറ്റതു മുതല്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെയും വിദ്യാര്‍ഥികളെയും നിയന്ത്രിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.

Advertisment