ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്കു നൽകുന്ന വിസയുടെ എണ്ണം കോവിഡ് 19 മഹാമാരിക്കു ശേഷം ഇക്കഴിഞ്ഞ മാർച്ച് മുതൽ മേയ് വരെ ഏറ്റവും കുറഞ്ഞതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് കണക്കുകൾ കാണിക്കുന്നു.
2025 മാർച്ച് മുതൽ മേയ് വരെ ഇന്ത്യൻ വിദ്യാർഥികൾക്ക് 9,906 എഫ്-1 ((അക്കാഡമിക്) വിസകൾ മാത്രമാണ് അനുവദിച്ചത്. 2024 മാർച്ച്-മേയിൽ നൽകിയ 15,000 വിസകളെക്കാൾ 27% കുറവ്. 2022ൽ മഹാമാരി കഴിഞ്ഞു അന്താരാഷ്ട്ര യാത്രകൾ പുനരാരംഭിക്കുന്ന നേരത്തു പോലും 10,894 വിസകൾ നൽകിയിരുന്നു.
അടുത്ത സെമെസ്റ്ററിനു ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾ എത്താനുള്ളതു കൊണ്ട് ഏറ്റവുമധികം വിസകൾ നൽകുന്ന സമയമാണിത്.
ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷം ഫെബ്രുവരിയിൽ ഇൻഡ്യക്കാർക്കുള്ള എഫ്-1 വിസകൾ കഴിഞ്ഞ വർഷം ഫെബ്രുവരിയെക്കാൾ 30% കുറഞ്ഞു-- 590ൽ നിന്ന് 411ലേക്ക്.
ഡൽഹിയിലെ യുഎസ് എംബസി പറയുന്നത് സുരക്ഷ പരിഗണിച്ചു കൂടുതൽ കർശനമായ പരിശോധന ആവശ്യമായതു കൊണ്ടാണ് എണ്ണം കുറയുന്നത് എന്നാണ്. പുതിയ നയങ്ങൾ വന്നിട്ടുമുണ്ട്.
സ്റ്റുഡന്റ്-എക്സ്ചേഞ്ച് വിസിറ്റർ വിസകൾക്കു പുതിയ ഇന്റർവ്യൂ നിർത്തി വയ്ക്കാൻ ജൂണിൽ ഭരണകൂടം ലോകമൊട്ടാകെ കോൺസലേറ്റുകൾക്കു നിർദേശം നൽകി. സോഷ്യൽ മീഡിയയിലെ പരിശോധന ആയിരുന്നു പുതിയ നയം. രണ്ടാഴ്ച്ച കഴിഞ്ഞു ഈയാഴ്ച്ച ആ നിയന്ത്രണം പിൻവലിച്ചു.
സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പക്ഷെ പറയുന്നത് ഇന്ത്യൻ സ്റ്റുഡന്റ് വിസകൾ കൂടുന്നു എന്നാണ്. 2018 സാമ്പത്തിക വർഷത്തിൽ 42,000 വിസകൾ നൽകിയെങ്കിൽ 2024 ആയപ്പോൾ അത് 86,000 ആയി. 2024ൽ ഇന്ത്യൻ വിദ്യാർഥികൾ ചൈനക്കാരെക്കാൾ കൂടുതലാവുകയും ചെയ്തു. യുഎസിലെ ഏറ്റവും വലിയ അന്താരാഷ്ട വിദ്യാർഥി സമൂഹമാണിതെന്നു ഇന്റർനാഷനൽ എജ്യൂക്കേഷൻ ഓപ്പൺ ഡോർസ് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ 2023ൽ നൽകിയ 131,000 സ്റ്റുഡന്റ് വിസകളിൽ നിന്നും 2022ലെ 115,000ൽ നിന്നുമുള്ള കുറവ് കൂടുതൽ വിശാലമായ പശ്ചാത്തലത്തിൽ കാണേണ്ടതാണെന്നു നിരീക്ഷകർ പറയുന്നു. മാറി വരുന്ന നയങ്ങൾ, കൂടുതൽ കർശനമാവുന്ന പരിശോധന, പഠന സൗകര്യത്തിന്റെ കാര്യത്തിൽ യുഎസിനെ കുറിച്ചുള്ള അന്താരാഷ്ട്ര വീക്ഷണത്തിൽ വരുന്ന മാറ്റങ്ങൾ എന്നിവയൊക്കെ അതിനെ സ്വാധീനിച്ചിട്ടുണ്ടാവണം.