പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 'വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ' നിയമമായതോടെ 2026 മുതൽ ടൂറിസ്റ്റുകൾ, വിദ്യാർഥികൾ, താത്കാലിക ജീവനക്കാർ വിസയ്ക്കു ഗണ്യമായി ഉയർന്ന തുക നൽകേണ്ടി വരും. മിക്ക നോൺ-ഇമിഗ്രന്റ് വിസകൾക്കും ഇപ്പോഴുള്ള നിരക്കുകൾക്കു പുറമെ $250 'വിസ ഇന്റഗ്രിറ്റി ഫീ' ഉണ്ടാവും.
ബി-1/ബി-2 ടൂറിസ്റ്റ്-ബിസിനസ് വിസകൾ, എഫ്, എം സ്റ്റുഡന്റ് വിസകൾ, എച്-1 ബി വർക് വിസകൾ, ജെ-1 എക്സ്ചേഞ്ച് വിസകൾ എന്നിവയ്ക്ക് ഈ സർചാർജ് ബാധകമാണ്.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎസ് വിസ കിട്ടാനുളള മൊത്തം ചെലവ് ഏതാണ്ട് $480 വർധിക്കും -- നിലവിലുള്ളതിന്റെ ഇരട്ടിയോളം.
ഇതൊരു സെക്യൂരിറ്റി ഡെപ്പോസിറ്റ് ആണെന്നും തിരിച്ചു നൽകുമെന്നും വ്യവസ്ഥയുണ്ട്. പണം തിരിച്ചു കിട്ടണമെങ്കിൽ വിസ ഉപയോഗിക്കുന്നവർ അതുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും കൃത്യമായി പാലിച്ചിരിക്കണം.
ഹോംലാൻഡ് സെക്യൂരിറ്റി ശേഖരിക്കുന്ന സർചാർജ് നയതന്ത്ര വിസകൾക്കു മാത്രം ഒഴിവാക്കിയിട്ടുണ്ട്.
അടിസ്ഥാന $185 വിസ നിരക്കിൽ മാറ്റമില്ല. എൻട്രി/എക്‌സിറ്റ് ട്രാക്കിങ്ങിനു $24 നിരക്കുണ്ട്. ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇ എസ് ടി എ) ഉപയോഗിക്കുന്നവർ $13 അധികം നൽകണം. ഇലക്ട്രോണിക് വിസ അപ്‌ഡേറ്റ് സിസ്റ്റം (ഇ വി യു എസ്) ഉപയോഗിക്കുന്നവർ 30 ഡോളറും.
കുടിയേറ്റ നിയമങ്ങൾ നടപ്പാക്കാൻ പുതിയ നിയമത്തിൽ $150 ബില്യൺ കൊള്ളിച്ചിട്ടുണ്ട്. 2029 വരെയുള്ള ചെലവാണത്. അതിനാവശ്യമായ പണത്തിനു ഒരു വരുമാന മാർഗമാണ് കൂട്ടിയ വിസ നിരക്കുകൾ. വിദേശത്തേക്ക് പണം അയക്കാൻ 1% നികുതിയും പുതുതായി വന്നിട്ടുണ്ട്.
വർധിച്ച തുകകൾ താങ്ങാൻ കഴിയാതെ നല്ലൊരു ശതമാനം വിദ്യാർഥികൾ പിൻവാങ്ങുമെന്നു വിമർശകർ പറയുന്നുണ്ട്.