യുഎൻ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക സംഘടനയായ യുനെസ്കോയിൽ നിന്നു യുഎസ് വീണ്ടും പിന്മാറുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവാഴ്ച്ച പ്രഖ്യാപിച്ചു. ട്രംപിന്റെ ആദ്യ ഭരണകാലത്തു ഇത്തരമൊരു പിന്മാറ്റം ഉണ്ടായിരുന്നു.
സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഇക്കാര്യം സ്ഥിരീകരിച്ചു. വക്താവ് ടാമി ബ്രൂസ് പറഞ്ഞു: "പല യുഎൻ സംഘടനകളും പോലെ യുനെസ്കോയും അതിന്റെ സ്ഥാപന ദൗത്യത്തിൽ നിന്നു വ്യതിചലിച്ചു.
പലസ്തീനെ അംഗമാക്കിയത് ഉൾപ്പെടെ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തി എന്നാണ് യുനെസ്കോയ്ക്കു എതിരെ യുഎസ് ഉന്നയിക്കുന്ന ആരോപണം. പലസ്തീൻ അംഗമായത് അങ്ങേയറ്റം പ്രശ്നമുണ്ടാക്കുന്നുവെന്നു ബ്രൂസ് പറഞ്ഞു. അത് യുഎസ് നയങ്ങൾക്കു വിരുദ്ധമാണ്. ഇസ്രയേലിനെതിരായ വിമർശനം ഉയർത്താൻ യുനെസ്കോ വേദിയാകുന്നു.
അന്താരാഷ്ട്ര സംഘടനകളിൽ പങ്കെടുക്കുമ്പോൾ യുഎസിന്റെ സുരക്ഷ, ശക്തി, പുരോഗതി എന്നീ കാര്യങ്ങൾക്കാണ് മുൻഗണന എന്ന് ബ്രൂസ് ചൂണ്ടിക്കാട്ടി. യുനെസ്കോയിൽ തുടരണോ എന്ന് അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി റിപ്പോർട്ട് ചെയ്യാൻ ട്രംപ് ഫെബ്രുവരിയിൽ നിർദേശിച്ചിരുന്നു. യുഎൻ മനുഷ്യാവകാശ സമിതി, അഭയാർഥി സംഘടന എന്നിവയിൽ നിന്നു പിന്മാറിയതും ഈ വിലയിരുത്തലിനെ തുടർന്നാണ്.
യുനെസ്കോ വിടുന്നതായി അതിന്റെ സെക്രട്ടറി ജനറൽ ഓഡ്രി അസുലെയെ അറിയിച്ചുവെന്നു ബ്രൂസ് പറഞ്ഞു. ഡിസംബർ 31നു തീരുമാനം നടപ്പിൽ വരും.
2017ൽ യുഎസ് ഇതു പോലെ പിന്മാറിയെങ്കിലും ജോ ബൈഡൻ പ്രസിഡന്റായപ്പോൾ തിരികെ ചേർന്നു. 1945ൽ സ്ഥാപിച്ച സംഘടനയിൽ നിന്നു യുഎസ് വിരുദ്ധ നിലപാടുകൾ ചൂണ്ടിക്കാട്ടി 1984ൽ പ്രസിഡന്റ് റൊണാൾഡ് റെയ്ഗൻ ഒരു പിന്മാറ്റം നടത്തിയിരുന്നു. പിന്നീട് 2003ൽ യുനെസ്കോ പരിഷ്കരണം നടത്തിയെന്നു കണ്ടെത്തിയ ശേഷം പ്രസിഡന്റ് ജോർജ് ഡബ്ലിയു. ബുഷ് വീണ്ടും ആ ബന്ധം സ്ഥാപിച്ചു.