പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഏറ്റുമുട്ടുന്നത് എലോൺ മസ്‌ക് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണെന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. "എലോൺ ഞങ്ങളോടൊപ്പം തിരിച്ചു വരണം," അദ്ദേഹം പറഞ്ഞു.
കോമഡിയൻ തിയോ വോൺ നടത്തിയ അഭിമുഖത്തിൽ വാൻസ് പറഞ്ഞു: "എലോണിനു സ്വന്തം അഭിപ്രായം ആവാം. "ഞാൻ പറയുന്ന എല്ലാ കാര്യങ്ങളോടും അദ്ദേഹം യോജിക്കണമെന്നില്ല. (ബജറ്റ്) ബില്ലിനോട് അദ്ദേഹത്തിന് വിയോജിപ്പുണ്ടാവാം.
എന്നാൽ ലോകം കണ്ട ഏറ്റവും മികച്ച സംരംഭകരിൽ ഒരാളായ ഏറ്റവും സമ്പന്നനായ വ്യക്തി ഏറ്റവും കരുത്തനായ വ്യക്തിയുമായി ഏറ്റുമുട്ടുന്നത് വലിയ തെറ്റാണ്. എന്റെ ജീവിതകാലത്തു ഈ രാജ്യം രക്ഷിക്കാൻ ഇത്രയും പരിശ്രമിച്ച ഒരു നേതാവിനെ ഞാൻ കണ്ടിട്ടില്ല."
വ്യാഴാഴ്ച്ച റെക്കോർഡ് ചെയ്ത പോഡ്‌കാസ്റ്റ് ശനിയാഴ്ചയാണ് പുറത്തു വരിക.
ട്രംപിനെ ബഹുമാനിക്കണം എന്നു വാൻസ് പറഞ്ഞു. "എല്ലാ വിഷയത്തിലും യോജിക്കണമെന്നില്ലെന്നു അദ്ദേഹത്തോട് പറയാം. പക്ഷെ ഈ യുദ്ധം രാജ്യത്തിൻറെ താല്പര്യത്തിനു യോജിച്ചതാണോ? എനിക്ക് തോന്നുന്നില്ല.
"എലോൺ അത് മനസിലാക്കും എന്നാണ് എന്റെ പ്രത്യാശ. ഞങ്ങളോടൊപ്പം വീണ്ടും ചേരുക. എലോണിൽ നിന്നു ചില വിമർശനങ്ങൾ ഉണ്ടായപ്പോൾ പ്രസിഡന്റ് കുറച്ചു നിരാശനായെന്നു എനിക്കറിയാം. അതിൽ ചിലതൊക്കെ അന്യായമാണെന്നു അദ്ദേഹത്തിനു തോന്നി.
"പക്ഷെ അതെല്ലാം നിയന്ത്രിച്ചിട്ടുണ്ട്. എലോണുമായി രൂക്ഷമായ ഏറ്റുമുട്ടൽ വേണ്ടെന്നു അദ്ദേഹം ചിന്തിക്കുന്നു. എലോണും ഒന്നു തണുത്തു കഴിയുമ്പോൾ എല്ലാം ശരിയാകും എന്നു എനിക്കു തോന്നുന്നു."
വ്യാഴാഴ്ച്ച രാത്രി എക്‌സിൽ വാൻസ് ഇങ്ങിനെ കുറിച്ചു: "എന്റെ ജീവിതകാലത്തു ഞാൻ കണ്ടിട്ടുള്ളവരിൽ ആരെക്കാളും കൂടുതലായി തന്റെ പ്രസ്ഥാനത്തിന്റെ വിശ്വാസം ആർജിക്കാൻ പരിശ്രമിക്കുന്ന വ്യക്തിയാണ് പ്രസിഡന്റ് ട്രംപ്. അദ്ദേഹത്തോടൊപ്പം നില്ക്കാൻ എനിക്ക് അഭിമാനമുണ്ട്."
മസ്‌ക് ആരോപണം പിൻവലിച്ചു
ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ നൽകുന്ന എപ്‌സ്റ്റീൻ ഫയലുകളിൽ ട്രംപിന്റെ പേരുണ്ടെന്ന ആരോപണം അതിനിടെ മസ്‌ക് പിൻവലിച്ചു. ട്രംപിനെതിരെ ഉയർത്തിയ ഏറ്റവും രൂക്ഷമായ ആരോപണം ആയിരുന്നു അത്.
മസ്‌ക് തണുക്കുന്നു എന്ന സൂചന നൽകുന്നുവെന്ന വ്യാഖ്യാനം ഉയർന്നിട്ടുണ്ട്.